കൈകൂലി കേസ് : അഖിൽ മാത്യുവിന്റെ പരാതിയിൽ കേസ് എടുത്ത് പോലീസ്

വ്യാജ സർട്ടിഫിക്കറ്റ് മുതൽ മാസപ്പടിയും കഴിഞ്ഞു കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുകയുമ്പോൾ ഇതാ സർക്കാരിന് തലവേദനയായി അടുത്ത പ്രശനം രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. ഇത്തവണ വെട്ടിലായിരിക്കുന്നത് ആരോഗ്യ മന്ത്രി വീണ ജോർജ് ആണ്. ഹോമിയോ ഡോക്ടർ ആയി താത്കാലിക ജോലി വാഗ്ദാനം ചെയ്ത് മന്ത്രി വീണ ജോർജിന്റെ പേർസണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവും പത്തനംതിട്ട സിഐടിയു ഓഫീസ് മുൻ സെക്രട്ടറി അഖിൽ സജീവ് എന്നിവർ ചേർന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഏകദേശം 1. 75 ലക്ഷം രൂപ കൈക്കൂലി ഇനത്തിൽ വാങ്ങി എന്നാണ് പരാതിക്കാരൻ പറയുന്നത്. ഹരിദാസൻ കുമ്മോളി എന്ന വ്യക്തിയാണ് മന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. പരാതിക്കാരന്റെ മകന്റെ ഭാര്യക്കാണ് ജോലി വാഗ്ദാനം നൽകിയത്. കൈക്കൂലി വാങ്ങിയെന്നാരോപിക്കപെടുന്ന അഖിൽ മാത്യു ആരോഗ്യമന്ത്രി വീണ ജോർജിന്റെ ബന്ധുവാണെന്നും പരാതി നൽകിയ വ്യക്തി ആരോപിക്കുന്നുണ്ട്.

എന്നാൽ ഇതിനിടെസംഭവത്തിൽ അഖിൽ മാത്യുവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ കൺന്റോണ്മെന്റ് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നാഷണൽ ആയുഷ് മിഷന്റെ മലപ്പുറം ഓഫീസിന്റെ പേരിൽ അയച്ചിട്ടുള്ള നിയമന ഉത്തരവ് വ്യാജ ഇ മെയിൽ ഐഡിയിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിയമന നേരിട്ടുള്ള ഉത്തരവ് വരും എന്ന് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു എന്നാൽ അത്തരത്തിൽ ഒരു ഉത്തരവ് ലഭിക്കാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിപ്പെട്ടത്.

അതേസമയം അഖിൽ മാത്യുവിനെ ന്യായീകരിച്ച് ആരോഗ്യ മന്ത്രിയും രംഗത്ത്‌ വന്നു . പരാതി ലഭിച്ച അന്ന് തന്നെ അഖിൽ മാത്യുവിനോടെ വിശദീകരണം തേടിയിരുന്നു എന്നും അഖിൽ മാത്യു തന്റെ ബന്ധു അല്ലായെന്നും ആരോഗ്യ മന്ത്രിയും പറഞ്ഞു. പരാതിക്കാരൻ തന്റെ പേർസണൽ സെക്രട്ടറിക്ക് പരാതി നൽകിയപ്പോൾ രേഖാമൂലം നല്കാൻ താൻ ആണ് ആവശ്യപ്പെട്ടതെന്നും ഈ മാസം 13 നാണു പരാതി തപാലിൽ ലഭിക്കുന്നത് ഉടൻ തന്നെ പേർസണൽ സ്റ്റാഫിനോട് വിശദീകരണം തേടിയിരുന്നു മനസ്സറിവില്ലെന്നും പേര് മനഃപൂർവം വലിച്ചിഴക്കുന്നതാണെന്നും അയാൾ പറഞു . വസ്തുതകളുടെ അസിസ്‌ഥാനത്തിലായിരുന്നു അഖിലിന്റെ വിശദീകരണം. തുടർന്ന് 23 ആം തിയ്യതി മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിക്കുകയും ഒപ്പം പോലീസിൽ പരാതി കൈമാറുകയും ചെയ്തു. ഗൂഢാലോചനയടക്കം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അഖിൽ മാത്യു ചെയ്യാത്ത കാര്യമാണ് അയാളുടെ മേൽ ആരോപിച്ചത്. ഇതിനു പിറകിൽ ആരെല്ലാമാണെന്നു കണ്ടെത്തണം പേർസണൽ സ്റ്റാഫിനെ മാറ്റി നിർത്തിയിട്ടില്ല പാർട്ടിയിൽആരും ഇതിൽ ഇടപെട്ടിട്ടില്ല എന്നുമാണ് ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വിശദീകരണം.

അതേസമയം അഖിൽ മാത്യുവിനോടൊപ്പം കൈക്കൂലി ആരോപണത്തിൽ ഉൾപ്പെട്ടിട്ടുള്ള സിഐടിയു ഓഫീസ് മുൻ സെക്രട്ടറി അഖിൽ സജീവൻ വൻ തട്ടിപ്പുകാരനാണെന്ന് വെളിപ്പെടുത്തി സിഐടിയുവും രംഗത്തു വന്നിട്ടുണ്ട്. സെക്രെട്ടറിയായിരിക്കെ തൊഴിലാളികൾ അടച്ച മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും ഹോട്ടലുകളിൽ സിഐടിയു വിന്റെ പേരിൽ തട്ടിപ്പ് നടത്തിയതായും വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടൂറിസം വകുപ്പിലും ട്രാവൻകൂർ ടൈറ്റാനിയത്തിലും ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയിരുന്നു. ഇത്തരം തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നതോടെ രണ്ടു വർഷം മുൻപ് അഖിൽ സജീവിനെ സിഐടിയു പുറത്താക്കുകയായിരുന്നു.

എന്നാൽ അഖിൽ മാത്യു പണം വാങ്ങിയെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പരാതിക്കാരൻ. അഖിൽ മാത്യുവിനെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല എന്നുമാത്രമല്ല അഖിലിന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് ഇതോടെ അഖിൽ മാത്യു പ്രതി സ്ഥാനത്തു നിന്നുള്ള അന്വേഷണം ഒഴിവായി. ആരോഗ്യ മന്ത്രിക്ക് 13 നു പരാതി ലഭിച്ചെങ്കിലും 23 നാണു പൊലീസിന് നൽകി എന്നവകാശപ്പെടുന്നത്. എന്നാൽ ഇതുവരെയും ആ പരാതി കിട്ടിയതായി പോലീസ് സ്ഥിരീകരിക്കുകയോ അതിൽ കേസ് എടുക്കുകയോ ചെയ്തിട്ടില്ല. പകരം അഖിൽ മാത്യുവിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഇതോടെ മന്ത്രിയും പി എയും പ്രതിക്കൂട്ടിലാവുന്നതു ഒഴിവായി.

മൊത്തത്തിൽ അഖിൽ മാത്യുവിന്റെ പേരിൽ ആരോ ആൾമാറാട്ടം നടത്തി പരാതിക്കാരനെ ആരോ പറ്റിച്ചു എന്ന് മാത്രമാണ് നിലവിൽ കേസിന്റെ സ്ഥിതി. എന്നാൽ പരാതിയിൽ പറയുന്ന അഖിൽ സജീവിനെകുറിച്ചോ വ്യാജ ഇ മെയ്‌ലിനെ ക്കുറിച്ചോ പരാമർശമില്ല എന്നത് വിചിത്രമാണ്. മൊത്തത്തിൽ വാദി പ്രതിയാവുന്ന സ്ഥിതിയാണ് നിലവിൽ ഈ കേസിനുള്ളത്. ഏതായാലും സിഐടിയു മുൻ നേതാവ് അഖിൽ സജീവ് നിലവിൽ ഒളിവിലാണ്.