ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയുടെ നിർമാണത്തിൽ ടെൻഡർ ചട്ടലംഘനം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നെന്ന പരാതിയിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ഡൽഹി സർക്കാരിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് വ്യക്തമായാൽ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അനുമതിയുടെ രേഖകൾ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ട് സിബിഐ ദില്ലി പൊതുമരാമത്ത് വകുപ്പിന് കത്തയക്കുകയും ചെയ്തു. ബിൽഡിംഗ് പ്ലാനിന്റെ അംഗീകാരം സംബന്ധിച്ച രേഖകളും മാർബിൾ ഫ്‌ലോറിംഗും കരാറുകാരന്റെ പേയ്മെന്റുകളുടെ വിശദാംശങ്ങളും ഉൾപ്പെടുന്ന രേഖകളും സിബിഐ ആവശ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിക്കകം ഈ രേഖകൾ നൽകണമെന്നാണ് സിബിഐ പറഞ്ഞിരിക്കുന്നത്.
അതേസമയം, സിബിഐ നടപടിക്കെതിരെ ആംആദ്മി പാർട്ടി രംഗത്തെത്തി. ആം ആദ്മിയെ തകർക്കാൻ ബിജെപി മുഴുവൻ ശക്തിയും ഉപയോഗിക്കുകയാണെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്.

