തിരുവനന്തപുരം: ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് നീക്കമെന്ന് സ്പീക്കർ എ എൻ ഷംസീർ. വർഗീയ കലാപങ്ങൾ ഉണ്ടാക്കുന്നുവെന്നും ശാസ്ത്രത്തെ അവഗണിച്ച് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
മതരാഷ്ട്രമായ പാക്കിസ്ഥാൻ നന്നായോയെന്ന് അദ്ദേഹം ചോദിക്കുന്നു. എന്നും ഒരാളെങ്കിലും അവിടെ കൊല്ലപ്പെടുന്നു. ഇപ്പോൾ തകൃതിയായി പേര് മാറ്റം നടക്കുന്നു. മുഗൾ ഗാർഡൻസ് എന്ന പേരാണ് ഒടുവിൽ മാറ്റിയത്. ആസൂതൃതമായി സംഘർഷങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, വന്ദേ ഭാരതിന് തലശേരിയിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് സ്പീക്കർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നൽകിയിട്ടുണ്ട്. കണ്ണൂർ, തലശ്ശേരിയിലെ കൊടിയേരിയിൽ സ്ഥിതി ചെയ്യുന്ന മലബാർ കാൻസർ സെന്റർ കാസർകോഡ്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കൻ ജില്ലകളിലേയും തമിഴ്‌നാട്, കർണാടക, മാഹി തുടങ്ങിയ അയൽനാടുകളിലേയും രോഗികൾക്കുള്ള ആശ്രയകേന്ദ്രമാണ് തലശ്ശേരി റെയിൽവേ സ്റ്റേഷൻ. മലബാർ കാൻസർ സെന്ററിൽ ഒരു ലക്ഷത്തോളം രോഗികൾ പ്രതിവർഷം എത്തുന്നുണ്ട്. 7000 മുതൽ 8000 രോഗികൾ ഓരോ വർഷവും പുതുതായി രജിസ്റ്റർ ചെയ്യുന്നുമുണ്ട്. തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഈ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് സ്പീക്കർ വ്യക്തമാക്കി.
ഈ വിവരങ്ങൾ കണക്കിലെടുത്ത്, കേന്ദ്ര സർക്കാർ രണ്ടാമത് അനുവദിച്ച വന്ദേ ഭാരത് ട്രെയിനിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം മുൻ നിർത്തിയാണ് കത്ത് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

