പിതാവ് കേരളത്തിന്റെ മുഖ്യമന്ത്രി ആയതുകൊണ്ട് രാഷ്ട്രീയത്തിൽ വന്നയാളല്ല വി മുരളീധരൻ; കെ സുരേന്ദ്രൻ

കോഴിക്കോട്: കോൺഗ്രസ് നേതാവ് കെ മുരളീധരനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനച്ചടങ്ങ് ബിജെപി പരിപാടിയാക്കി മാറ്റിയെന്ന വിമർശനം ഉന്നയിച്ചതിനാണ് കെ സുരേന്ദ്രൻ കെ മുരളീധരനെതിരെ രംഗത്തെത്തിയത്. പിതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായതുകൊണ്ട് രാഷ്ട്രീയത്തിൽ വന്നയാളല്ല വി മുരളീധരനെന്ന് സുരേന്ദ്രൻ പറഞ്ഞു.

വി മുരളീധരൻ കഷ്ടപ്പെട്ടുതന്നെ ബിജെപി സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയും ആയ വ്യക്തിയാണ്. കെ മുരളീധരന്റെ അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല. അതിനാൽ കെ മുരളീധരന്റെ വിമർശനങ്ങൾക്ക് അതിനപ്പുറത്തുള്ള ഒരു വിലയും കൊടുക്കേണ്ടതില്ല എന്നാണ് തന്റെ അഭിപ്രായം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാൽ വി മുരളീധരനെ അംഗീകരിക്കാമെന്ന കെ മുരളീധരന്റെ പ്രസ്താവനയ്ക്കും അദ്ദേഹം മറുപടി നൽകി. നേമത്തും വയനാട്ടിലും മത്സരിച്ചിട്ട് മുരളീധരന് എത്ര വോട്ടു കിട്ടിയെന്നായിരുന്നു സുരേന്ദ്രൻ ഇതിന് നൽകിയ മറുപടി.

വന്ദേഭാരത് ഉദ്ഘാടനച്ചടങ്ങിൽ വി മുരളീധരൻ വേദിയിൽ കയറി ഇരിക്കുന്നതുകൊണ്ട് തനിക്ക് കയറേണ്ടെന്നു തോന്നിയെന്നാണ് അദ്ദേഹം പറഞ്ഞത്. കെ മുരളീധരൻ വല്ലാതങ്ങ് ബുദ്ധിമുട്ടേണ്ട. പാർലമെന്റ് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞാൽ നിങ്ങൾക്ക് ഇതുപോലെ പലയിടത്തും കയറാനാകില്ലെന്ന് ഉറപ്പാണ്. പാർലമെന്റിലും നിയമസഭയിലും കയറാനാകാത്ത സ്ഥിതിയിലേക്ക് ആ പാർട്ടി തന്നെ പോയിക്കൊണ്ടിരിക്കുയാണ്. അതുകൊണ്ട് വിമർശിക്കുമ്പോഴും നമ്മൾ ഒരു മയത്തിൽ സംസാരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വി മുരളീധരൻ റെയിൽവേ മന്ത്രിയുടെ പ്രതിനിധിയായിട്ടാണ് അവിടെ വന്നത്. അല്ലാതെ ഒരിടത്തുനിന്നും ഇടിച്ചുകയറി വന്നതല്ല. വി മുരളീധരനല്ലാതെ തങ്ങളാരും വേദിയിലേക്ക് ഇടിച്ചുകയറിയിട്ടില്ല. തങ്ങളെല്ലാം സാധാരണ പ്രവർത്തകർക്കൊപ്പം സദസ്സിലാണ് ഇരുന്നത്. ട്രെയിനിൽ യാത്ര ചെയ്യാൻ അന്ന് പാസ് കൊടുത്തിരുന്നു. ധാരാളം കോൺഗ്രസുകാരും ലീഗുകാരും ട്രെയിനിൽ യാത്ര ചെയ്തു. വി മുരളീധരനും യാത്ര ചെയ്തു. തലശേരി മുതൽ തിരുവനന്തപുരം വരെ കെ മുരളീധരനും യാത്ര ചെയ്തു. എംപിമാരെ മാത്രം കൊണ്ടുപോകാനാണെങ്കിൽ ഈ എട്ട് കോച്ചുകൾ എന്തു ചെയ്യും. ഈ എട്ടു കോച്ചുകളിലേക്കുള്ള ആളുകളെ റെയിൽവേ ക്ഷണിച്ചതാണ്. തങ്ങളൊക്കെ പോയതും ക്ഷണം കിട്ടിയിട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിൽ ലീഗിന്റെ കൊടി മുരളീധരൻ കണ്ടില്ലേ? അദ്ദേഹത്തിന് സ്വന്തം മുന്നണിയിലെ കക്ഷികളേപ്പോലും മനസ്സിലാകുന്നില്ലേ. അവിടെ ലീഗിന്റെ വലിയ കൊടിയുണ്ടായിരുന്നു. തിരൂരിൽ എന്തൊരു മത്സരമാണ് നടന്നത്. നിങ്ങൾത്തന്നെ ലൈവ് കൊടുത്തതല്ലേ. ഇതുമായി ബന്ധപ്പെട്ട് നമ്മൾത്തന്നെ കൊടുത്ത ലൈവിലും ചാനലുകളിലെ ദൃശ്യങ്ങളിലും എല്ലാം വ്യക്തമാണ്. മുരളീധരനെ പാർട്ടി പ്രവർത്തകർ ഒരു മാലയിട്ടിട്ടുണ്ട്. അദ്ദേഹത്തെ റെയിൽവേ അധികൃതർ എവിടെയെങ്കിലും മാലയിട്ടിട്ടുണ്ടോ. കേന്ദ്രമന്ത്രിയെന്ന നിലയിൽ വി മുരളീധരനെ പാർട്ടി പ്രവർത്തകർ സ്വീകരിക്കും. കെ മുരളീധരന് കോൺഗ്രസുകാർ മാലയിടാത്തതിന് എന്തിനാണ് വി മുരളീധരനെ നിങ്ങൾ കുറ്റം പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.