തിരുവനന്തപുരം: സഹകരണ മേഖലയിലെ തട്ടിപ്പിൽ വിമർശനവുമായി സിപിഐ. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും തുടർക്കഥയാണെന്നുമാണ് സിപിഐയുടെ വിമർശനം. കരുവന്നൂരിലെ നിക്ഷേപകർക്ക് പണം മടക്കി നൽകണമെന്നും സിപിഐ വ്യക്തമാക്കി. സംസ്ഥാന എക്സിക്യുട്ടീവാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സർക്കാരിന്റെ മുൻഗണന മാറ്റിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നാണ് സിപിഐയുടെ മുന്നറിയിപ്പ്. തട്ടിപ്പിനിരയായ നിക്ഷേപകർക്ക് പണം നൽകാതെ ജനസദസ് നടത്തിയിട്ട് കാര്യമില്ല. നിലവിലെ മുൻഗണന ഇടതുസർക്കാരിന് ചേർന്നതല്ല. തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്കാണ് മുൻഗണന നൽകേണ്ടതെന്നും പാർട്ടി അറിയിച്ചു.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം മടക്കി നൽകാനാണ് സിപിഎമ്മിന്റെ നീക്കം. സർക്കാർതലത്തിൽ ഇടപെട്ട് പണം മടക്കി നൽകാൻ നീക്കം തുടങ്ങാനാണ് സിപിഎം ജില്ലാ കമ്മിറ്റിയിൽ ധാരണയായത്. മണ്ഡല അടിസ്ഥാനത്തിൽ രാഷ്ട്രീയ വിശദീകരണ ജാഥകൾ സംഘടിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

