30 ഏക്കർ, 450 കോടി രൂപ ചെലവ്; അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കലിട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസിയിലാണ് പ്രധാനമന്ത്രി ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ടത്. 450 കോടി രൂപയാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണ ചെലവ്. സ്റ്റേഡിയത്തിൽ 30,000 കാണികൾക്ക് ഒരേ സമയം മത്സരങ്ങൾ കാണാനുള്ള സൗകര്യമുണ്ടായിരിക്കും. 30 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.

തറക്കല്ലിടൽ ചടങ്ങിൽ ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേൻ ഭാരവാഹികളും ബിസിസിഐ അധികൃതരും പങ്കെടുത്തു. 3 വർഷം കൊണ്ട് സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാകും. 450 കോടി രൂപയുടെ പദ്ധതിയിൽ 330 കോടി നൽകുക ബിസിസിഐയാണ്. 120 കോടി ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ചെലവിട്ടു. എൽ ആൻഡ് ടിക്കാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണ ചുമതല.

കാശിയേയും പരമശിവനേയും അനുസ്മരിപ്പിക്കു രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മുൻഭാഗം. ശിവനെ കിരീടമണിയിക്കുന്ന ചന്ദ്രക്കലയോട് സാമ്യമുള്ളതായിരിക്കും മേൽക്കൂര. ഫ്ളഡ്ലൈറ്റുകളുടെ കാലുകൾക്ക് ത്രിശൂലത്തിന്റെ മാതൃക നൽകും. ഗ്യാലറി കാശിയുടെ ഘാട്ടുകളുടെ മാതൃകയിരിക്കും ഒരുക്കുക.

ശിവന്റെ കയ്യിലുള്ള വാദ്യോപകരണമായി ഡമരു രൂപത്തിലാണ് പവലിയനും വിഐപി ലോഞ്ചും ഒരുക്കുക. മെറ്റാലിക് ഫ്രെയിമുകളിൽ ബിൽവ പത്രയുടെ കൂറ്റൻ രൂപങ്ങളും സ്ഥാപിക്കുമെന്ന് ഡിവിഷണൽ കമ്മീഷണർ കൗശൽ രാജ് ശർമ അറിയിച്ചു.