സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവയ്പ്പ്; വനിതാ സംവരണ ബിൽ പാസാക്കി രാജ്യസഭ

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാക്കി രാജ്യസഭ. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സ്ത്രീ സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനാണ് രാജ്യസഭ അംഗീകാരം നൽകിയത്. 215 പേർ വോട്ടെടുപ്പിൽ ബില്ലിനെ അനുകൂലിച്ചു. ആരും ബില്ലിനെ എതിർത്തില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത.

രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവയ്പാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ബുധനാഴ്ച ബിൽ ലോക്‌സഭ പാസാക്കിയിരുന്നു. 454 പേർ ലോകസഭയിൽ ബില്ലിനെ അനുകൂലിച്ചു. 2 പേർ ബില്ലിനെ എതിർത്ത് വോട്ടു ചെയ്തു. ഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഉവൈസിയും ഇംതിയാസ് ജലീലുമാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്.

നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ലോകസഭയിൽ ബിൽ അവതരിപ്പിച്ചത്. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് നൽകിയിരിക്കുന്ന പേര്.