സോളാർ കേസിൽ എൽഡിഎഫ് നേതാക്കൾക്കെതിരേ ആക്ഷേപം ഉയരേണ്ട കാര്യമില്ല; ഇ പി ജയരാജൻ

തിരുവനന്തപുരം: സോളാർ കേസിൽ എൽഡിഎഫ് നേതാക്കൾക്കെതിരേ ആക്ഷേപം ഉയരേണ്ട കാര്യമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എൽഡിഎഫും സോളാർ കേസും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് വന്നതാണെന്നും അന്വേഷണവും കമ്മിഷനെ നിശ്ചയിച്ചതും ഒക്കെ യുഡിഎഫ് സർക്കാരായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാം യുഡിഎഫും. കോൺഗ്രസും ബന്ധപ്പെട്ടിട്ടുള്ളതാണ്. എൽഡിഎഫ് നേതാക്കൾ ഇതിന്റെ ഭാഗമേയല്ല. സർക്കാരിന് ലഭിച്ച വിവരങ്ങളനുസരിച്ച് നിയമസഭയിൽ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പാർട്ടി പരിപാടി ഉപേക്ഷിച്ച് ദല്ലാൾ നന്ദകുമാറിന്റെ മാതാവിനെ ആദരിക്കുന്ന പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ഇ പി ജയരാജൻ മറുപടി നൽകി. വി ഡി സതീശനെ കാണാൻ വേണ്ടി പോയതാണ്. ഞങ്ങൾ പരിചയക്കാർ എന്ന നിലയിൽ അദ്ദേഹം ഉള്ള സ്ഥലം അന്വേഷിച്ച് അങ്ങനെ പോയപ്പോൾ അയാളെ അന്വേഷിച്ച് പോയതാ. അല്ലാതെ തനിക്ക് നന്ദകുമാറുമായി യാതൊരു ബന്ധവുമില്ല. നന്ദകുമാറിന്റെ അമ്മയെ തനിക്ക് അറിയില്ലെന്നും വി ഡി സതീശനെ കാണാൻ വേണ്ടി പോയതാണെന്ന് കണക്കാക്കിക്കൊള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദല്ലാൾ നന്ദകുമാർ കോൺഗ്രസുകാരനെന്നാണ് മനസ്സിലാക്കുന്നത്. യുഡിഎഫിന്റെ പലർക്കും അയാളുമായി ബന്ധമുണ്ട്. തനിക്ക് അയാളുമായി യാതൊരു ബന്ധവുമില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.