മുഹമ്മദ് റിയാസിനും ടീമിനും ബിഗ് സല്യൂട്ട്; പ്രശംസയുമായി ജയറാം

തിരുവനന്തപുരം: മന്ത്രി പി എ മുഹമ്മദ് റിയാസിനെ പ്രകീർത്തിച്ച് നടൻ ജയറാം. ടൂറിസം വകുപ്പിന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. വ്യക്തമായ കാഴ്ചപ്പാടോടെയാണ് ടൂറിസം മന്ത്രിയുടെ പ്രവർത്തനങ്ങൾ. അത്തരത്തിലുളള പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നതു കൊണ്ടാണ് ടൈം മാഗസിൻ ഉൾപ്പെടെയുള്ള രാജ്യാന്തര പ്രസിദ്ധീകരണങ്ങളിൽ കേരളത്തിന്റെ പേര് വരാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിനിമാ ടൂറിസം, വാട്ടർ ടൂറിസം, ഹെലി ടൂറിസം, കാരവൻ ടൂറിസം തുടങ്ങി നിരവധി ആശയങ്ങൾ നടപ്പാക്കാൻ മന്ത്രി ശ്രമിക്കുന്നുണ്ട്. കാര്യങ്ങൾ തന്നോട് ഉൾപ്പെടെ നിരവധി പേരോട് ചോദിച്ച് മനസ്സിലാക്കിയാണ് അദ്ദേഹം കാര്യങ്ങൾ നടപ്പിലാക്കുന്നത്. സിനിമാ ടൂറിസവുമായി ബന്ധപ്പെട്ട നടത്തിയ ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വിനോദ സഞ്ചാര മേഖലയിലെ ശ്രദ്ധേയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രി മുഹമ്മദ് റിയാസിനും അദ്ദേഹത്തിന്റെ ടീമിനും ബിഗ് സല്യൂട്ട് നൽകുന്നുവെന്നും ജയറാം കൂട്ടിച്ചേർത്തു. കോഴിക്കോട്ട് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.