മുൻ എംപി പ്രഭുനാഥ് സിംഗിന് ജീവപര്യന്തം.

മുൻ എംപിയും മുതിർന്ന ബീഹാർ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവുമായ പ്രഭുനാഥ് സിംഗിന് ജീവപര്യന്തം. 1995-ലെ ഇരട്ടക്കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി വെള്ളിയാഴ്ച ജീവപര്യന്തം തടവ് ശിക്ഷിച്ച വിധിച്ചത്. ആഗസ്റ്റ് 18 ന്, കേസിൽ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെയും പട്‌ന ഹൈക്കോടതിയുടെയും ഉത്തരവുകൾ അസാധുവാക്കിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് സിങ്ങിനെ ശിക്ഷിച്ചത്. തെളിവുകളുടെ അഭാവത്തിൽ 2008 ഡിസംബറിൽ ഒരു വിചാരണ കോടതി പ്രഭുനാഥ് സിംഗിനെ വെറുതെവിട്ടു, പിന്നീട് പട്‌ന ഹൈക്കോടതി 2012-ൽ കുറ്റവിമുക്തനാക്കിയത് ശരിവച്ചു. രാജേന്ദ്ര റായിയുടെ സഹോദരൻ കുറ്റവിമുക്തനാക്കിയതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു.
1995ൽ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഛപ്രയിലെ മഷ്‌റഖിലെ പോളിങ് ബൂത്തിന് സമീപം 18 കാരനായ രാജേന്ദ്ര റായിയും 47 കാരനായ ദരോഗ റായിയും വെടിയേറ്റ് മരിച്ചു. പ്രഭുനാഥ് സിങ്ങിന്റെ നിർദേശപ്രകാരമല്ല ഇരുവരും വോട്ട് ചെയ്തതെന്നായിരുന്നു ആരോപിച്ചായിരുന്നു രണ്ടുപേരെയും വെടിവച്ചു കൊന്നത്.

അശോക് സിംഗ് പ്രഭുനാഥ് സിംഗിനെ ഇതേ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അശോക് സിങ്ങിനെ 90 ദിവസത്തിനകം കൊല്ലുമെന്ന് പ്രഭുനാഥ് സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. 1995 ജൂലൈ മൂന്നിനാണ് അശോക് സിങ് കൊല്ലപ്പെട്ടത്. എംഎൽഎയായി 90-ാം ദിവസമായിരുന്നു ആ കൊലപാതകവും. അശോക് സിംഗ് വധക്കേസിൽ ജാർഖണ്ഡിലെ ഹസാരിബാഗ് സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് പ്രഭുനാഥ് സിംഗ്.

മരിച്ച രണ്ട് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും പരിക്കേറ്റ ഇരയ്ക്ക് 5 ലക്ഷം രൂപ വീതവും സിംഗും ബീഹാർ സർക്കാരും വെവ്വേറെ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ അസാധാരണമായ വേദനാജനകമായ ഒരു കേസാണ് കൈകാര്യം ചെയ്യുന്നതെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.