ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റിന് ഇന്നു മുതൽ തുടക്കമാകും

ഏഷ്യാ കപ്പ് ക്രിക്കറ്റ് ഏകദിന ടൂർണമെന്റിന് ഇന്നു മുതൽ തുടക്കമാവും. ആറ് രാജ്യങ്ങളാണ് ലോക കിരീടത്തിനായി ഇന്നു പോരിനിറങ്ങുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ,ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഏഷ്യാ കപ്പിൽ മത്സരിക്കുന്നത്. 6 ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ഇന്നു വൈകിട്ട് 3ന് പാക്കിസ്ഥാനും നേപ്പാളും തമ്മിലാണ് ഉദ്ഘാടന മത്സരം. ശനിയാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

പാക്കിസ്ഥാനിലും ശ്രീലങ്കയിലുമാണ് മത്സരങ്ങൾ നടക്കുന്നത്. ശ്രീലങ്കയിലെ പല്ലെകെലെയിൽ വച്ചാണ് പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരം. ഏഷ്യാ കപ്പിന്റെ ഫൈനൽ സെപ്റ്റംബർ 17 ന് നടക്കും.17 അംഗ ടീമിനെയാണ് ഇന്ത്യ ഏഷ്യാ കപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. റിസർവ് താരമായി സഞ്ജു സാംസണും ടീമിലുണ്ട്. ഫൈനലടക്കം 13 മത്സരങ്ങളാണ് ടൂർണമെന്റിലുണ്ടാവുക. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ്.