ബെംഗളൂരു: സൂര്യനെക്കുറിച്ച് പഠിക്കാൻ ഇന്ത്യ. സെപ്റ്റംബർ രണ്ടിന് ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ‘ആദിത്യ എൽ-1’ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. രാവിലെ 11.50-നാണ് വിക്ഷേപണമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.
ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-3 വിജയകരമായതിന് പിന്നാലെയാണ് സൂര്യനിലെ രഹസ്യം തേടിയുള്ള ഐസ്ആർഒയുടെ ദൗത്യം. പിഎസ്എൽവി എക്സ്എൽ റോക്കറ്റിലാണ് പേടകത്തിന്റെ വിക്ഷേപണം. സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച് നാലു മാസംകൊണ്ട് ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോ മീറ്റർ അകലെയുള്ള എൽ-1 (ലാഗോൻഷ് പോയന്റ്-1) പോയന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിക്കുക. ഇവിടെനിന്ന് സൂര്യനെ തടസ്സമില്ലാതെ വീക്ഷിക്കാൻ കഴിയും.
സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടാണ് ദൗത്യം. കൊറോണൽ താപനം, കൊറോണൽ മാസ് ഇജക്ഷൻ, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളും ദൗത്യത്തിന്റെ ഭാഗമായി നിരീക്ഷിക്കും. ഏഴ് പേലോഡുകളാണ് പേകടത്തിലുള്ളത്. വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ് (വി.ഇ.എൽ.സി.), സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (എസ്.യു.ഐ.ടി.), സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ, ഹൈ എനർജി എൽ-1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, മാഗ്നെറ്റോമീറ്റർ തുടങ്ങിയവയാണ് പേലോഡുകൾ.