തിരുവനന്തപുരം: നടൻ പ്രകാശ് രാജിനെതിരെ കേസ്. ചന്ദ്രയാൻ 3യ്‌ക്കെതിരെ അപമാനകരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് നടപടി. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനിൽ ചില ഹിന്ദു സംഘടനാ പ്രവർത്തകരാണ് പ്രകാശ് രാജിനെതിരെ പരാതി നൽകിയത്. പരാതി സ്വീകരിച്ച പൊലീസ് കേസ് റജിസ്റ്റർ ചെയ്തതായി അറിയിച്ചു.
ചന്ദ്രയാൻ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരിൽ ചന്ദ്രനിൽ ചായ അടിക്കുന്ന ഒരാളുടെ കാർട്ടൂൺ പ്രകാശ് രാജ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ താരത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു.
ചന്ദ്രനിൽപ്പോയാലും അവിടെ ചായക്കടയുമായി ഒരു മലയാളിയുണ്ടാകും എന്ന തമാശയാണ് താനുദ്ദേശിച്ചതെന്നായിരുന്നു പ്രകാശ് രാജ് പറഞ്ഞത്. തന്നെ വിമർശിക്കുന്നവർ ഏത് ‘ചായ്‌വാല’യെ ആണ് ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കിയിരുന്നു.

