കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. വിഷയത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറോട് നിർദേശിച്ചത്.
പനിയെ തുടർന്ന് രക്ത പരിശോധനക്കെത്തിയ ഏഴു വയസുകാരിക്ക് പേവിഷ ബാധക്കുള്ള കുത്തിവെപ്പ് നൽകിയെന്നായിരുന്നു പരാതി ഉയർന്നത്. എറണാകുളം ജില്ലയിലെ അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഇത്തരമൊരു വീഴ്ച്ച സംഭവിച്ചത്. അങ്കമാലി കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവെപ്പ് മാറി നൽകിയത്.
പനിയെ തുടർന്ന് രക്തപരിശോധനയ്ക്ക് വേണ്ടി അമ്മയ്ക്ക് ഒപ്പം ആശുപത്രിയിലെത്തിയതാണ് കുട്ടി. അമ്മ ഒ പി ടിക്കറ്റെടുക്കാൻ പോയ സമയത്താണ് നഴ്‌സ് കുട്ടിയ്ക്ക് കുത്തിവച്ചത്. പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവെപ്പെടുത്തതെന്നാണ് നഴ്‌സിന്റെ വിശദീകരണം.

