പുതിയ നിയമസംഹിതകളുടെ പേര് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം; ഡിഎംകെ

ചെന്നൈ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ. ഐപിസി, സിആർപിസി, എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ നിയമസംഹിതകൾക്ക് ഹിന്ദി പേര് നൽകിയത് പ്രാദേശിക ഭാഷകളെയും ഇംഗ്ലീഷിനെയും ഒതുക്കാനുള്ള ശ്രമമാണെന്ന ആരോപണമാണ് ഡിഎംകെ മുന്നോട്ടുവെയ്ക്കുന്നത്. ബില്ലുകളുടെയും നിയമങ്ങളുടെയും പേരുകൾ ഇംഗ്ലിഷിലേക്ക് മാറ്റണമെന്നും ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഡിഎംകെ എംപി പി വിൽസൺ വ്യക്തമാക്കി.

വെള്ളിയാഴ്ച പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച മൂന്ന് ബില്ലുകളും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ബില്ലുകളുടെ പേര് ഉച്ചരിക്കാൻ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകും. നിരവധി ഭാഷകളുള്ള രാജ്യത്ത് പൊതുഭാഷയായി ഇംഗ്ലിഷ് ആണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ബില്ലിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ. സ്റ്റാലിനും രംഗത്തെത്തിയിരുന്നു. കോളനി കാലത്തെ നിയമങ്ങൾ പൊളിച്ചെഴുതാനെന്ന പേരിൽ, നവയുഗ കോളനിവൽക്കരണത്തിനാണ് ഹിന്ദി അടിച്ചേൽപ്പിക്കലിലൂടെ ബിജെപി ശ്രമിക്കുന്നതെന്നായിരുന്നു സ്റ്റാലിന്റെ ആരോപണം.