തിരുവനന്തപുരം: യൂനാനി ചികിത്സാ രീതി മിത്ത് മാത്രമാണെന്ന പരാമർശവുമായി ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ സുൽഫി നൂഹു. സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. യൂനാനി ചികിത്സാരീതി അന്ധവിശ്വാസമാണെന്നും അത് ശാസ്ത്രീയ ചികിത്സാ രീതിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യുനാനി മരുന്നുകളിൽ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ
ലിവറിനെയും കിഡ്നിയും തകർക്കുമെന്നുള്ളത് ശാസ്ത്രം. അത് മിത്തല്ല.
ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം മിത്തുകളിൽ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങൾ, ഒരുതരം കൊലപാതകങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നു. ചികിത്സ മേഖലയിലെ ശാസ്ത്രവും മിത്തും വിശ്വാസവും തുടർച്ചയായി ശക്തമായി ചർച്ചചെയ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

