തിരുവനന്തപുരം: കേരള ഹൈകോർട്ടിന്റെ ഒരു സ്ഥിരബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കാൻ വേണ്ടി Establishment of a Permanent Bench in Thiruvananthapuram ലോക്‌സഭയിൽ അവതരിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കേരള ഹൈക്കോർട്ടിന്റെ ഒരു സ്ഥിര ബെഞ്ച് തലസ്ഥാനമായ തിരുവനന്തപുരത്ത് വേണമെന്നത് വളരെക്കാലമായിട്ടുള്ള ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളസംസ്ഥാനം തന്നെ പല കേസുകളുടെയും കക്ഷിയാണ്. അത്തരം കേസുകളിൽ ഒഫീഷ്യൽസിന് ലീവിനും യാത്രക്കുമുള്ള ചെലവും അതിനുള്ള പ്രയാസവും തന്നെ കണക്കിലെടുത്താൽ കക്ഷികൾക്കും സാക്ഷികൾക്കും ബുദ്ധിമുട്ടില്ലാതെ തന്നെ നീതി നടപ്പിലാക്കാനും ഖജനാവിന് കൂടുതൽ പരിക്കേൽപ്പിക്കാതിരിക്കാനും തിരുവനന്തപുരത്ത് ഒരു ബെഞ്ച് സ്ഥാപിക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതുകൊണ്ട് തന്നെ തിരുവനന്തപുരത്തിന് വേണ്ടിയും സംസ്ഥാനത്തിന് വേണ്ടിയും ഒരു പ്രൈവറ്റ് മെമ്പർ ബില് ഇന്നലെ അവതരിപ്പിച്ചു. ഇത് ഈ ആവശ്യത്തിന് വേണ്ടിയുള്ള തന്റെ പല പരിശ്രമങ്ങൾക്കും ഇതിന് മുമ്പവതരിപ്പിച്ച ‘എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളിൽ HC ബെഞ്ചുകൾ വേണമെന്ന ബില്ലിനും (അത് 2019 ലെ ലോക്‌സഭ പിരിച്ചു വിട്ടതോടെ കാലാവശേഷമായി) ശേഷം നടത്തിയ പരിശ്രമമാണ്. ഈ ബിൽ പാസാക്കാനും അത് മൂലം കേരളത്തിന്റെ തെക്കൻ ജില്ലകളിലുള്ളവരുടെ, വിശിഷ്യാ തിരുവനന്തപുരത്തുള്ള, ജനങ്ങളുടെ ആവശ്യം നിറവേറ്റാനും താൻ സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു.

