തിരുവനന്തപുരം: ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടിയുമായി കേന്ദ്ര ഏജൻസികൾ. പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വസ്തു വകകൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
മൂന്നാറിലെ വില്ലകളും ഭൂമിയുമാണ് ഇഡി കണ്ടുകെട്ടിയത്. കോതമംഗലം സ്വദേശി എൻ കെ അഷ്റഫിന്റെ ഉടമസ്ഥതയിൽ ഇടുക്കി മൂന്നാറിലുള്ള നാലുവില്ലകളും ഏഴേക്കറോളം ഭൂമിയും ആണ് കണ്ടുകെട്ടിയതെന്ന് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. രണ്ടുകോടി അൻപത്തിമൂന്ന് ലക്ഷം രൂപയുടെ ആസ്തി വകകളാണ് മരവിപ്പിച്ചത്.
കഴിഞ്ഞ വർഷം സെപ്തംബറിൽ കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ രാജ്യത്ത് നിന്നും നിരോധിച്ചിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കള്ളപ്പണം വെളുപ്പിക്കുന്നതിനായാണ് മൂന്നാർ വില്ല വിസ്ത പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചതെന്നാണ് ഇഡി കണ്ടെത്തിയത്. പത്തേക്കർ വിസ്തൃതിയുള്ള കേന്ദ്രത്തിൽ ആയുധപരിശീലനവും കായികപരിശീലനവും നടന്നിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസിയും അറിയിച്ചിരുന്നു.

