ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേന്ദ്രത്തിന്റെ ഹിന്ദി വാദത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. എല്ലാവർക്കും ഹിന്ദി അംഗീകരിക്കേണ്ടി വരുമെന്ന് പ്രസ്താവന നടത്തിയ അമിത് ഷായ്ക്ക് 1965 ലെ പ്രക്ഷോഭം ഓർമ്മപ്പെടുത്തിയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടത്തരുത്. അങ്ങനെയൊരു നീക്കം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാൽ അത് വിവേക ശൂന്യമായ നീക്കമാകും. 1965 ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ കനൽ ആളിക്കത്തിക്കരുത്. തമിഴ് ഭാഷയെ അടിമയാക്കാൻ അനുവദിക്കില്ല. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമുണ്ടായാൽ തമിഴ്നാട് അത് ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദി ഭാഷ എതിർപ്പില്ലാതെ എല്ലാവരും സ്വീകരിക്കണമെന്നായിരുന്നു അമിത് ഷായുടെ പരാമർശം. പാർലമെന്റിന്റെ ഔദ്യോഗിക ഭാഷകൾക്കായുള്ള കമ്മിറ്റിയെ അഭിസംബോധന ചെയ്യത് സംസാരിക്കവെയായിരുന്നു അമിത് ഷാ ഇക്കാര്യം അറിയിച്ചത്. ഹിന്ദി ഒരു പ്രദേശിക ഭാഷയുമായും പോരിനില്ലെന്നും എല്ലാ ഭാഷകളും ശക്തിപ്പെടുമ്പോൾ രാജ്യവും ശക്തിപ്പെടുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.

