മമ്മൂക്കയുടെ പേരിനൊപ്പം ചേർന്ന് എന്റെ പേര് വന്നത് തന്നെ എനിക്കൊരു അവാർഡാണ് ; കുഞ്ചാക്കോ ബോബൻ

തിരുവനന്തപുരം : ഒട്ടനവധി ചിത്രങ്ങൾക്ക് അവാർഡ് ലഭിച്ചപ്പോൾ അതിൽ ഒരു സിനിമ താൻ ചെയ്തതാണെന്നുള്ളത് അഭിമാനം തരുന്ന കാര്യമാണെന്ന് കുഞ്ചാക്കോ ബോബൻ. സിനിമയെന്നോ അവാർഡ് എന്നോ താൻ സ്വപ്നം പോലും കണ്ടിട്ടില്ലെന്നും ഇപ്പോൾ സിനിമകൾ മാത്രമാണെല്ലാമെന്നും നടൻ പറഞ്ഞു. ന്നാ താൻ കേസ് കൊട് എന്ന സിനിമ വിവാദങ്ങളിലിടം പിടിച്ചെങ്കിലും കേരളത്തിലെ ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചതും ഇപ്പോൾ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയതും സന്തോഷമുള്ള കാര്യമാണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.

മലയാളത്തിലെ സിനിമകളുടെ മൂല്യം അന്യഭാഷാ ചിത്രങ്ങളെടുത്താൽ മനസിലാക്കാൻ പറ്റുമെന്ന് നടൻ വ്യക്തമാക്കി. സാമൂഹ്യമായും രാഷ്ട്രീയമായും പ്രസക്തിയുള്ള തന്റെ ചിത്രത്തിന് അംഗീകാരം കിട്ടിയപ്പോൾ നടൻ എന്ന നിലയിലും കോ പ്രൊഡ്യൂസർ എന്ന നിലയിലും അഭിമാനം ഉണ്ടെന്ന് കുഞ്ചാക്കോ ബോബൻ അഭിപ്രായപ്പെട്ടു. മമ്മൂക്കയ്ക്ക് അവാർഡ് ലഭിച്ചപ്പോൾ ആ പേരിനൊപ്പം തന്റെ പേര് വന്നത് തന്നെ വലിയൊരു അവാർഡ് ആണെന്നും പറഞ്ഞാണ് നടൻ വാക്കുകൾ അവസാനിപ്പിച്ചത്.