തിരുവനന്തപുരം: സുപ്രധാന തീരുമാനങ്ങളുമായി സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് യോഗം. വിദ്യാർഥികൾക്കും അധ്യാപകർക്കുമായി മൂന്നരക്കോടി രൂപ മുതൽ മുടക്കി ഓൺലൈൻ ജേർണലുകളും പ്രബന്ധരചനകളിലെ പകർപ്പ് തടയാൻ സോഫ്റ്റ് വേയറുകളും വാങ്ങാൻ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.
സർവകലാശാല കോളേജുകൾക്കായി വാങ്ങുന്നത് എൽസെവിയർ, നിംബസ്, ടേണിറ്റിൻ എന്നീ സോഫ്റ്റ് വെയറുകളാണ്. ഗവേഷണ പ്രവർത്തനങ്ങൾക്കും ബിഗ് ഡാറ്റാ വിശകലത്തിനുമായി ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനവും ഏർപ്പെടുത്തും. സംസ്ഥാനത്ത് പുതിയ രണ്ട് എൻജിനീയറിങ് കോളേജുകൾക്ക് അനുമതി നൽകാനും യോഗം തീരുമാനിച്ചു. മലപ്പുറത്ത് ആരംഭിക്കുന്ന കെഎംസിടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ നാല് ബിടെക് കോഴ്സുകളും എംബിഎ, എംസിഎ കോഴ്സുകളും അനുവദിച്ചു. കോട്ടയത്ത് ആരംഭിക്കുന്ന ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അഞ്ച് ബി ടെക് കോഴ്സുകൾക്കും കൂടി 360 സീറ്റും അനുവദിച്ച് നൽകി.
അതേസമയം, സർവകലാശാലയിൽ നിന്ന് ഗവേഷണം, ബിരുദാനന്തര ബിരുദം എന്നിവ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഇനി മുതൽ ബിരുദദാനചടങ്ങ് സംഘടിപ്പിച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ബി. ടെക് വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം ഗ്രേഡ് കാർഡുകൾ ശതമാനത്തിലേക്ക് മാറ്റിയുള്ള മാർക്ക് ലിസ്റ്റ് നൽകും. കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

