ജനനായകന് കണ്ണീരോടെ വിട നൽകി കേരളം

കോട്ടയം : പതിനായിരക്കണക്കിന് ജനങ്ങളുടെ ആദരാഞ്ജലിയേറ്റു വാങ്ങി ജനനായകൻ വിടവാങ്ങി. 11 .55 ഓടെയാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഖബറിടത്തിൽ സംസ്കരിച്ചത്. കേരളത്തിന്റെ പല കോണുകളിൽ നിന്ന് രാഷ്ട്രീയ ഭേദമന്യേയുള്ള ആളുകളുടെ ഒഴുക്ക് മൂലം അദ്ദേഹത്തിന്റെ പുതിയ വീട്ടിലെയും കുടുംബ വീട്ടിലെയും പൊതു ദർശനം നീണ്ടു പോയതുകൊണ്ടാണ് സംസ്കാരം വൈകിയത്.

സംസ്ഥാന സർക്കാരിന്റെ ബഹുമതികൾ ഒഴിവാക്കി പുതുപ്പള്ളി ജോർജിയൻ വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലായിരുന്നു സംസ്ക്കാര ചടങ്ങുകൾ. ഭൗതിക ശരീരം പള്ളിയിൽ എത്തുമ്പോൾ ഏതാണ്ട് 9 മണിയോടടുത്തിരുന്നു. അപ്പോഴും അനുഭവപ്പെട്ട ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസും കോൺഗ്രസ് പ്രവർത്തകരും പാടുപെട്ടു. വൈകിട്ട് 5 .30 ന് പുതുപ്പള്ളി കാരോട്ട് വളയ്ക്കലിൽ വീടിന്റെ ഉമ്മറത്തു സഭ വൈദികരുടെ നേതൃത്വത്തിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തായിരുന്നു കബറടക്ക ശുശ്രുഷയുടെ ക്രമം നടത്തിയത്.

ശേഷം പണി തീരാത്ത വീട്ടിലെ അര മണിക്കൂർ ശുശ്രുഷകൾ കഴിഞ്ഞു പുതുപ്പള്ളി ദേവാലയത്തിന്റെ വടക്കേപന്തലിലായിരുന്നു പൊതു ദർശനം. സർക്കാരിന്റെ പ്രതിനിധികളായി മന്ത്രി വി എൻ വാസവൻ, കെ എൻ ബാലഗോപാൽ, റോഷി അഗസ്റ്റിൻ എന്നിവർ ചേർന്ന് പുഷ്പ ചക്രം സമർപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മക്കളും അന്ത്യ ചുംബനം നൽകി. ഓർത്തോഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യുസ് തൃതീയന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.