ബംഗളുരു: ഘട്ടം ഘട്ടമായി സഞ്ചാരപാത വികസിപ്പിച്ച് ചന്ദ്രയാൻ 3. പേടകം ഭൂമിയ്ക്ക് മുകളിലായുള്ള ഭ്രമണപഥം ഉയർത്തി. 71351-233 കി.മീ ഭ്രമണപഥത്തിലാണ് നിലവിൽ ചന്ദ്രയാൻ 3 ഭൂമിയെ വലംവെയ്ക്കുന്നത്.
ഭ്രമണപഥം ഉയർത്തുന്നതിലെ അവശേഷിക്കുന്ന ഘട്ടം ജൂലൈ 25ന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയ്ക്ക് നടക്കും. ചൊവ്വാഴ്ച വീണ്ടും ഭ്രമണപഥമുയർത്തുന്നതോടെ ഭൂമിയുടെ കാന്തികവലയം വിട്ട് ചന്ദ്രനിലേയ്ക്കുള്ള പ്രയാണം ചന്ദ്രയാൻ 3 ആരംഭിക്കും. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചാലും ഘട്ടം ഘട്ടമായിട്ടായിരിക്കും ഉപഗ്രഹത്തിന്റെ അന്തരീക്ഷത്തിലേയ്ക്ക് പ്രവേശിക്കുക.
ചന്ദ്രയാൻ 3യിൽ ഓർബിറ്ററിനു പകരം പ്രൊപ്പൽഷൻ മോഡ്യൂൾ ആണ് ലാൻഡറിനെയും റോവറിനെയും ചന്ദ്രന് തൊട്ടടുത്ത് എത്തിക്കുക. ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയാൽ ഉടൻതന്നെ റോവർ വേർപെടും. ലാൻഡറിലെയും റോവറിലെയും വിവിധ ഉപകരണങ്ങൾ ചന്ദ്രനിലെ വാതകങ്ങളെക്കുറിച്ചും രാസപദാർത്ഥങ്ങളെക്കുറിച്ചും പഠനം നടത്തും.

