ന്യൂഡൽഹി: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി ജനമാദ്ധ്യത്തിലൂടെ നടത്തിച്ച സംഭവത്തിന്റെ വീഡിയോ നീക്കം ചെയ്യണമെന്ന് ട്വിറ്ററിന് നിർദ്ദേശം നൽകി ദേശീയ വനിതാ കമ്മീഷൻ. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വീഡിയോ നീക്കം ചെയ്യണം. വീഡിയോയിൽ ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുന്നുണ്ടെന്നും ഇത് ശിക്ഷാർഹമായ കുറ്റമാണെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.
മണിപ്പൂർ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് മണിപ്പൂർ ഡിജിപിയോടും ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്നരാക്കി റോഡിലൂടെ നടത്തുകയും പിന്നീട് സമീപത്തെ വയലിൽ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. മേയ് നാലിനാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അതേസമയം, വീഡിയോ പിൻവലിക്കണമെന്ന് ട്വിറ്ററിനും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു.

