ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ കന്നിയാത്രയ്ക്ക് ഒരുങ്ങുകയാണ്. ടൈറ്റാനിക്കിനേക്കാൾ അഞ്ചിരട്ടി ഭാരമാണ് ഐക്കൺ ഓഫ് ദ സീ എന്ന ഈ ക്രൂയിസ് കപ്പലിനുള്ളത്. 20 നിലകൾ, 40ലേറെ ബാറുകളും ഭക്ഷണശാലകളും, ഏഴ് കുളങ്ങൾ, വാട്ടർ പാർക്ക് തുടങ്ങി ഒട്ടേറെ സവിശേഷതകൾ ഇതിനുണ്ട്. ജനുവരിയിലാണ് ഐക്കൺ ഓഫ് ദ സീ ആദ്യ യാത്ര നടത്തുന്നത്.
റോയൽ കരീബിയനാണ് ഐക്കൺ ഓഫ് ദ സീയുടെ ഉടമസ്ഥർ. യൂറോപ്പിലെ ഏറ്റവും വലിയ കപ്പൽ നിർമാണ ശാലകളിലൊന്നായ ഫിൻലാൻഡിലെ മെയർ ടുർക്കുവിലാണ് ഐക്കൺ ഓഫ് ദ സീ നിർമ്മിച്ചത്.
കുടിക്കാനും കഴിക്കാനും വേണ്ടി 40 ഇടങ്ങളാണ് ഈ ക്രൂയിസ് ഷിപ്പിലുള്ളത്. ഇതിൽ 15 എണ്ണം മദ്യം വിളമ്പുന്ന നൈറ്റ് ലൈഫ് ആസ്വദിക്കാവുന്ന ബാറുകളാണ്. ഇരുപതിലേറെ ഡൈനിങ് ഓപ്ഷനുകളും ക്രൂയിസ് കപ്പലിലെത്തുന്ന അതിഥികൾക്കുണ്ടാവും. സുഷി മുതൽ പല നാടുകളിലെ സ്ട്രീറ്റ് ഫുഡ് വരെ ഇവിടെ ലഭിക്കും. 5,610 യാത്രികരും 2,350 ജീവനക്കാരും അടക്കം 7,600 ഓളം പേരാണ് ഈ കപ്പലിലുണ്ടാവുക
2,50,800 ടണ്ണാണ് ഈ കപ്പലിന്റെ ഭാരം. ഒരു വെള്ളച്ചാട്ടം വരെ ഈ കപ്പലിലുണ്ടെന്നതാണ് മറ്റൊരു സവിശേഷത. ഏഴു നീന്തൽ കുളങ്ങളാണ് ഐക്കൺ ഓഫ് ദ സീസിലുളളത്. വാട്ടർ പാർക്കും കപ്പലിലുണ്ട്.

