കൊച്ചി : കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത മലയാള ചിത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ വാൻ വിവാദം ഉയർന്നിരുന്നു. കോടികൾ വാങ്ങിയിട്ടും സിനിമയുടെ പ്രൊമോഷന് പങ്കെടുക്കാതെ യൂറോപ്പിൽ അവധി ആഘോഷിക്കുന്നുവെന്നായിരുന്നു സിനിമയുടെ നിർമാതാവിന്റെ കുഞ്ചാക്കോ ബോബനേതിരെയുള്ള ആരോപണം. എന്നാൽ കുഞ്ചാക്കോ ബോബനെ പിന്തുണച്ച് വള്ളീം പുള്ളീം തെറ്റി സിനിമയുടെ നിർമാതാവ് ഫൈസൽ ലത്തീഫ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
താൻ നിർമിച്ച ചിത്രം പരാജയപ്പെട്ടപ്പോൾ ചെക്ക് മടക്കി തന്നയാളാണ് കുഞ്ചാക്കോ ബോബൻ എന്ന് ഫേസ്ബുക് കുറിപ്പിലൂടെ പറഞ്ഞിരിക്കുകയാണ് നിർമാതാവ്. കുഞ്ചാക്കോ ബോബൻ സിനിമ പരാജയപ്പെട്ട സമയത്ത് ക്യാഷ് തിരികെ തന്നെന്നും നടൻ നിർമാതാക്കളെ ദ്രോഹിക്കുന്നയാൾ അല്ലെന്നും ഇപ്പോൾ ഇത് രേഖപ്പെടുത്തിയില്ലെങ്കിൽ കുറ്റബോധം പിന്നീട് തോന്നുമെന്നാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം പറഞ്ഞത്.
45 ദിവസം ഷൂട്ട് പറഞ്ഞയിടത്ത് 60 ദിവസം ഷൂട്ട് നീണ്ടപ്പോൾ നടൻ അഭിനയിച്ചെന്നും സെറ്റിൽ പറഞ്ഞതിലും നേരത്തെ എത്തുന്ന ആളാണെന്നും സിനിമയുടെ ബജറ്റ് കൂടിയാൽ സഹായം തരാൻ മടിക്കാത്ത ആളാണെന്നും കുഞ്ചാക്കോ ബോബനെ കുറിച്ച് നിമാതാവ് കുറിപ്പിൽ പറയുന്നു. ഇനി ഒരു സിനിമ എടുത്താൽ തന്റെ നായകനായി കുഞ്ചാക്കോ ബോബനെ തന്നെ തിരഞ്ഞെടുക്കുമെന്ന് പറഞ്ഞാണ് ഫൈസൽ ലത്തീഫിന്റെ ഫേസ്ബുക് വിവരണം അവസാനിക്കുന്നത്.

