ബുമ്ര ഉടൻ തിരിച്ചെത്തും ; താരത്തിന്റെ പരിശീലന വീഡിയോ വൈറലാവുന്നു

ബെംഗളൂരു : പരിക്കേറ്റ് വിശ്രമത്തിലുള്ള പേസ് ബൗളർ ജസ്പ്രീത് ബുമ്ര കളിയിലേക്ക് തിരിച്ചു വരാൻ തയ്യാറെടുക്കുന്നതായി വാർത്തകൾ. ഇത് വ്യക്തമാകുന്ന രീതിയിലാണ് ബുമ്ര പരിശീലനത്തിലേർപ്പെടുന്നതിന്റെ ചിത്രങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഏക ദിന ലോകകപ്പിന് പോകാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് ആശ്വാസകരമായ ഒരു വാർത്തയാണിത്. കഴിഞ്ഞ സെപ്റ്റംബറിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പരയിലാണ് ബുമ്ര അവസാനമായി പങ്കെടുത്തത്.

പരുക്കിന്റെ പിടിയിലുള്ള താരം ഏഷ്യ കപ്പിൽ പങ്കെടുക്കാൻ സാധ്യത കുറവാണെങ്കിലും വേഗം സുഖം പ്രാപിച്ചാൽ ഓഗസ്റ്റിൽ അയർലന്റിനെതിരെ നടക്കുന്ന പരമ്പര യിൽ പങ്കെടുക്കുമെന്നാണ് ടീം മാനേജ്‌മന്റ് പറയുന്നത്. ജൂൺ മുതലാണ് ബംഗളുരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ ബുമ്ര വീണ്ടും പരിശീലനം ആരംഭിച്ചത്. എന്നാൽ ബുമ്രയെ പരിക്ക് പൂർണമായും മാറിയ ശേഷമെ ടീമിൽ ഉൾപ്പെടുത്താവൂവെന്ന് പറഞ്ഞിരിക്കുകയാണ് സ്ട്രെങ്ത് ആൻഡ് കണ്ടിഷനിംഗ് കോച്ച് രാംജി ശ്രീനിവാസൻ.