ലൈംഗിക പീഡന പരാതി; ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി റോസ് അവന്യൂ കോടതി. കനത്ത സുരക്ഷയിലാണ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. സിവിൽ ഡ്രസിൽ ഉൾപ്പടെ പൊലീസുകാരും കോടതിക്ക് പുറത്ത് അർദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിരുന്നു.

വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗിക പരാതി നൽകിയത്. വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ബ്രിജ് ഭൂഷനെതിരെയുള്ളത്. നിരവധി ദേശീയ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികപീഡനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതിൽ പ്രായപൂർത്തിയാകാത്ത ഒരു താരവും ഉൾപ്പെടും. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ശക്തമായ പ്രതിഷേധമാണ് നടത്തിയത്.

അതേസമയം, പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റം ചൂണ്ടിക്കാണിക്കാൻ സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി പോലീസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. പട്യാല ഹൗസ് കോടതിയുടെ പരിഗണനയിലുള്ള കുട്ടികളുടെ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്സോ) റദ്ദാക്കാനും ഡൽഹി പോലീസ് ശുപാർശ ചെയ്തിരുന്നു.