കെ റെയിലിന്റെ ഡി പി ആറിൽ കടുംപിടിത്തമില്ല ; ശ്രീധരൻ നിർദ്ദേശിച്ചത് ചർച്ച ചെയ്യും

തിരുവനന്തപുരം : ഇ ശ്രീധരൻ നിർദ്ദേശിച്ച കെ റെയിൽ ബദൽ പദ്ധതി ചർച്ച ചെയ്യുമെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. ഇന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്ന സാഹചര്യത്തിലാണ് ബാലന്റെ പ്രതികരണം. ഡി പി ആറിൽ തങ്ങൾക്ക് കടുംപിടിത്തമില്ലെന്നും എന്നാൽ ശ്രീധരന്റെ നിർദ്ദേശം സ്വീകരിക്കണമെങ്കിൽ നിലവിലുള്ള ഡി പി ആർ കേന്ദ്രം സ്വീകരിക്കുകയോ തള്ളുകയോ ചെയ്യണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ശ്രീധരന്റെ ബദൽ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ഡി പി ആർ അവർ തന്നെ തീരുമാനിക്കട്ടെയെന്നും ബാലൻ വ്യക്തമാക്കി. എന്നാൽ ശ്രീധരന്റെ നിർദ്ദേശങ്ങൾ ഇത് വരെ മുഖ്യമന്ത്രി ഭരണതലത്തിൽ ചർച്ചയ്ക്ക് പരിഗണിച്ചിട്ടില്ല. കൂടാതെ ഈ വിഷയത്തിൽ പരസ്യമായി മുഖ്യമന്ത്രി പ്രതികരിക്കാത്തതിനാൽ കെ വി തോമസും ശ്രീധരനും മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ് കൂടിക്കാഴ്ച നടത്തിയതെന്നതാണ് വ്യക്തമാവുന്നത്. സി പി എം സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി ഇത് ചർച്ച ചെയ്തേക്കുമെന്നാണ് അറിയാൻ കഴിയുന്നത്.