വിഴിഞ്ഞവും കണ്ണൂരിലെ അഴീക്കലും ബന്ധപ്പെടുത്തി ആഡംബര ക്രൂസ് കപ്പൽ സർവീസ് ആരംഭിച്ചേക്കും; പദ്ധതി രേഖ സമർപ്പിച്ചു

വിഴിഞ്ഞം: രാജ്യാന്തര കപ്പൽ തുറമുഖ സുരക്ഷ കോഡ് (ഐഎസ്പിഎസ്) ലഭിച്ചതിനെ തുടർന്ന് വിഴിഞ്ഞവും കണ്ണൂരിലെ അഴീക്കലും ബന്ധപ്പെടുത്തി ആഡംബര ക്രൂസ് കപ്പൽ സർവീസ് ആരംഭിച്ചേക്കും. മുംബൈ കേന്ദ്രമായുള്ള സ്വകാര്യ ഏജൻസി ഇതുസംബന്ധിച്ച പദ്ധതി രേഖയുമായി കേരള മാരിടൈം ബോർഡിനെ സമീപിച്ചിട്ടുണ്ട്. സർക്കാരിന്റെ അനുമതി ലഭിക്കുന്നതിനായി പദ്ധതി രേഖ സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാൽ സർവീസ് നടത്താൻ സാഹചര്യമൊരുക്കുമെന്ന് ബോർഡ് ചെയർമാൻ എൻ എസ് പിള്ള ഒരു സ്വകാര്യ മാദ്ധ്യമത്തോട് പ്രതികരിച്ചു.

വിഴിഞ്ഞത്തു നിന്നും ആരംഭിച്ച് കൊല്ലം, കൊച്ചി, ബേപ്പൂർ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കപ്പൽ അഴീക്കലെത്തുന്ന വിധത്തിലാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. നിലവിൽ ഗോവയിലേക്കും മറ്റും ക്രൂസ് സർവീസ് നടത്തുന്ന കമ്പനിയാണ് കേരള തീരത്തേക്കും സർവ്വീസ് നടത്താൻ ലക്ഷ്യമിടുന്നത്. 250 പേർക്ക് സഞ്ചരിക്കാനാവുന്ന ആഢംബര സൗകര്യങ്ങളുള്ള കപ്പലായിരിക്കും സർവ്വീസ് നടത്താൻ ഉപയോഗിക്കുന്നത്.

പദ്ധതി നടപ്പിലായാൽ കേരളത്തിലെ വിവിധ തുറമുഖങ്ങളുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താനും തീരദേശങ്ങളിലെ അനുബന്ധ ടൂറിസം തൊഴിൽ സാധ്യതകൾ വർധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.