വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവം; കേസെടുത്ത് പോലീസ്

കൊല്ലം: മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. കൊട്ടാരക്കര പോലീസാണ് കേസെടുത്തത്. പൈലറ്റ് വാഹനം ഓടിച്ച പൊലീസ് ഡ്രൈവർക്കെതിരെയും ആംബുലൻസ് ഡ്രൈവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രോഗിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിയുകയായിരുന്നു. എന്നാൽ, സംഭവത്തിൽ തന്നെ പ്രതിയാക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി ആംബുലൻസ് ഡ്രൈവർ നേരത്തെ രംഗത്തെത്തിയിരുന്നു.

കേസ് കൊടുക്കാൻ സ്റ്റേഷനിൽ ചെന്നപ്പോൾ പൊലീസ് ആക്ഷേപിച്ചെന്നും സോപ്പുപെട്ടി പോലുള്ള വണ്ടിയാണോ ഓടിക്കുന്നതെന്ന് ചോദിച്ചെന്നും ഡ്രൈവർ വെളിപ്പെടുത്തി. മന്ത്രി പോകുന്ന വഴിയിൽ എന്തിന് വണ്ടികൊണ്ടുവന്നുവെന്ന് പോലീസ് ചോദിച്ചുവെന്നും ഡ്രൈവർ വ്യക്തമാക്കി.

അതേസമയം, പോലീസ് സിഗ്നൽ പ്രകാരമാണ് ആംബുലൻസ് കടത്തിവിട്ടതെന്നും സൈറൻ മുഴക്കിയിരുന്നെന്നും രോഗിയുടെ ഭർത്താവായ അശ്വകുമാർ പറഞ്ഞു. മന്ത്രി സ്വന്തം കാര്യം നോക്കി പോയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.