പുത്തൻ പദ്ധതിയുമായി ടൂറിസം വകുപ്പ് ; പൂർണ പിന്തുണയുമായി സംവിധായകൻ മണിരത്നം

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ പുത്തൻ പദ്ധതിയായ സിനിമ ടൂറിസത്തിനു പിന്തുണയുമായി സംവിധായകൻ മണിരത്നം. പ്രശസ്തമായ സിനിമകള്‍ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓര്‍മ്മകളില്‍ നിലനിര്‍ത്തിക്കൊണ്ട് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം.

ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസും മണിരത്‌നവും തമ്മിൽ കോഴിക്കോട്ട് നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിക്ക് തന്റെ പൂർണ പിന്തുണയും പ്രോത്സാഹനവും സംവിധായകൻ അറിയിച്ചത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനെ സംബന്ധിച്ചിടത്തോളം ഇതൊരു മഹിതമായ നിമിഷമാണെന്നും, മണിരത്‌നത്തിനെപ്പോലെയുള്ള മഹാനായ ഒരു സംവിധായകന്റെ പ്രോത്സാഹനവും സാന്നിധ്യവും പദ്ധതിക്ക് വലിയ ഊര്‍ജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.