തിരുവനന്തപുരം: അഭിമാന നേട്ടവുമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല. നാക് അക്രെഡിറ്റേഷനിൽ ഉയർന്ന സ്ഥാനം നേടിയിരിക്കുകയാണ് എൻഎസ്എസ് വനിതാ കോളേജ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം നീറമൺകരയിലെ എച്ച്എച്ച്എംഎസ് പി ബി എൻ എസ് എസ് വനിതാ കോളേജ് നാക് അക്രെഡിറ്റേഷനിൽ A++ നേടി രാജ്യശ്രദ്ധയിലേക്ക് ഉയർന്നിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. നാലാം സൈക്കിളിൽ 3.59 പോയിന്റോടെയാണ് എൻഎസ്എസ് കോളേജ് മികവിന്റെ നെറുകയിലെത്തിയിരിക്കുന്നതെന്ന് ആർ ബിന്ദു അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന സർക്കാരിന്റെ ലക്ഷ്യമാണ് സഫലമായിക്കൊണ്ടിരിക്കുന്നത്. നീറമൺകര കോളേജിന്റെ കുതിപ്പിനു പിന്നിൽ പ്രവർത്തിച്ച അക്കാദമിക് സമൂഹത്തിനാകെയും സ്‌നേഹാനുമോദനങ്ങൾ നേരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

