കൊച്ചി: പോലീസ് നടപടിക്കെതിരെ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയയ്ക്കെതിരായ അന്വേഷണത്തിലാണ് ഹൈക്കോടതി പൊലീസ് നടപടിയെ വിമർശിച്ചത്. തന്റെ ഫോൺ പിടിച്ചെടുത്തതിനെതിരെ മാദ്ധ്യമപ്രവർത്തകൻ വിശാഖ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം. വിശാഖിന്റെ ഫോൺ ഉടൻ വിട്ടുകൊടുക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയല്ലാത്ത ഒരാളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്നും അങ്ങനെയുള്ള ഒരാളെ എങ്ങനെ കസ്റ്റഡിയിലെടുക്കുമെന്നും കോടതി ചോദിച്ചു.
മാദ്ധ്യമപ്രവർത്തകർ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. ഇവിടെ മാദ്ധ്യമപ്രവർത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം നടത്താം എന്നുകരുതി എല്ലാ മാദ്ധ്യമപ്രവർത്തകരുടെയും ഫോൺ പിടിച്ചെടുക്കുമോയെന്ന ചോദ്യവും കോടതി ഉന്നയിച്ചു. ഷാജൻ സ്‌കറിയയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

