ജയ്പൂർ: പെട്രോൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകാനുള്ള മാർഗം വിശദമാക്കി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പെട്രോൾ വില ലിറ്ററിന് 15 രൂപയായി കുറയ്ക്കാൻ സാധിക്കുന്നതിനുള്ള നിർദ്ദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും വാഹനങ്ങളിൽ ഉപയോഗിക്കാൻ ആരംഭിച്ചാൽ പെട്രോൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു.
വാഹനങ്ങളിൽ 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ഉപയോഗിച്ചാൽ പെട്രോൾ ലിറ്ററിന് 15 രൂപയ്ക്ക് ലഭ്യമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് അതിന്റെ നേട്ടം ലഭിക്കുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. നമ്മുടെ സർക്കാരിന്റെ കാഴ്ചപ്പാട് കർഷകർ അന്നദാതാക്കൾ മാത്രമല്ല ഊർജ്ജ ദാതാക്കൾ കൂടിയായിത്തീരുക എന്നതാണ്. എല്ലാ വാഹനങ്ങളും കർഷകർ ഉണ്ടാക്കുന്ന എഥനോളിൽ പ്രവർത്തിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എഥനോളിന്റേയും വൈദ്യുതിയുടേയും ഉപയോഗം മലിനീകരണം കുറയ്ക്കും. എണ്ണ ഇറക്കുമതിയിൽ കുറവുവരുത്താനും ഇതിലൂടെ കഴിയും. ഇറക്കുമതിക്കായി ചെലവാക്കുന്ന 16 ലക്ഷം കോടി രൂപ കർഷകർക്ക് ലഭ്യമാക്കുന്നതിലേക്ക് വകമാറ്റാനും ഈ നീക്കം സഹായകമാകുമെന്നും നിതിൻ ഗഡ്ക്കരി കൂട്ടിച്ചേർത്തു.

