സാഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ കുവൈത്തിനെ 5–4ന് പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് ഇന്ത്യയ്ക്കു കിരീടം. ഇന്ത്യയുടെ 9–ാം സാഫ് കിരീടമാണിത്. 1993, 1997, 1999, 2005, 2009, 2011, 2015, 2021 വർഷങ്ങളിലാണ് ഇന്ത്യ ഇതിനു മുൻപ് ജേതാക്കളായത്. ഈ വർഷം ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാമത്തെ പ്രധാന ഫുട്ബോൾ ട്രോഫിയാണിത്.
6 ഗോളുകളുമായി ടോപ് സ്കോറർ പട്ടം സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ടൂർണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. കുവൈത്തിന്റെ ആറാം കിക്ക് തട്ടിയകറ്റിയ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് സഡൻഡെത്തിൽ ഇന്ത്യയുടെ വിജയശിൽപിയായത്. നിശ്ചിത സമയത്ത് കുവൈത്തിനു വേണ്ടി അബീബ് അൽ ഖാൽദിയും (14–ാം മിനിറ്റ്) ഇന്ത്യയ്ക്കു വേണ്ടി യുവതാരം ലാലിയൻസുവാല ചാങ്തെയും (39–ാം മിനിറ്റ്) ലക്ഷ്യം കണ്ടു.

