ഏക സിവിൽ കോഡ്; ആംആദ്മി പാർട്ടിയിലും അഭിപ്രായ വ്യത്യാസം, അംഗീകരിക്കില്ലെന്ന് ഭഗവന്ത് മാൻ

ന്യൂഡൽഹി: ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ആംആദ്മി പാർട്ടിയിലും അഭിപ്രായ വ്യത്യാസം. ഏക സിവിൽ കോഡിനെ അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു. രാജ്യത്തെ വിഭജിക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്നാണ് ഭഗവന്ത് മാന്റെ പ്രതികരണം. ഏക സിവിൽ കോഡിനെ പിന്തുണക്കുമെന്നാണ് ആംആദ്മി പാർട്ടി നേരത്തെ അറിയിച്ചിരുന്നത്.

ഭരണഘടന ഏക സിവിൽ കോഡിനെ വിഭാവനം ചെയ്യുന്നുവെന്ന് നേരത്തെ എഎപി നേതാക്കൾ പ്രതികരിച്ചിരുന്നു. ഏക സിവിൽ കോഡ് വിഷയത്തിൽ വിപുലമായ ചർച്ചകൾ വേണമെന്നും സമവായത്തിലെത്തണമെന്നും ആം ആദ്മി പാർട്ടി നേരത്തെ നിർദ്ദേശിച്ചിരുന്നു.

അതേസമയം, സിവിൽകോഡ് സംബന്ധിച്ച് കരട് പുറത്തിറങ്ങുകയോ, ചർച്ചകൾ നടത്തുകയോ ചെയ്താൽ അപ്പോൾ പരിശോധിച്ച് നിലപാടറിയിക്കാമെന്നാണ് കോൺഗ്രസ് വക്താവ് ജയറാം രമേശ് അറിയിച്ചിരിക്കുന്നത്. സിവിൽ കോഡിൽ പ്രതിപക്ഷ പാർട്ടികൾക്ക് വ്യത്യസ്ഥ അഭിപ്രായമാണുള്ളത്. അതിനാൽ മറ്റ് പ്രതിപക്ഷ പാർട്ടികളുടെ സമ്മർദ്ദമുള്ളപ്പോൾ തന്നെ തൽക്കാലം നിലപാട് പ്രഖ്യാപിക്കേണ്ടെന്ന ധാരണയിലാണ് കോൺഗ്രസ് നേതൃത്വം.