കലാപഭൂമിയായി ഫ്രാൻസ്

ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് പതിനേഴുകാരനെ വെടിവെച്ചു കൊന്ന പോലീസ് നടപടിക്കെതിരേ ഫ്രാന്‍സില്‍ 5 ദിവസമായി പ്രതിഷേധം. പ്രതിഷേധം നിയന്ത്രണാതീതമായി കലാപത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ഭരണകൂടവും സുരക്ഷ ശക്തമാക്കി. പാരീസിനടുത്ത് നാന്റെറില്‍ നഹേല്‍ എം. എന്ന പതിനേഴുകാരനെ ട്രാഫിക് നിയമം ലംഘിച്ചെന്നാരോപിച്ച് പോലീസ് വെടിവെച്ചു കൊന്നതാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ഫ്രാന്‍സില്‍ കാറോടിക്കാനുള്ള നിയമപരമായ പ്രായം 18 വയസ്സാണ്. ഇത് ലംഘിച്ച അള്‍ജീരിയന്‍ വംശജനായ നഹേലിനെ ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം എട്ടരയ്ക്കാണ് രണ്ടു ട്രാഫിക് പോലീസുകാര്‍ ചേര്‍ന്ന് വെടിവെച്ചത്. പോയിന്റെ ബ്ലാങ്കിലാണ് പോലീസുകാരന്‍ നഹേലിനെ വെടിവെച്ചത്. തന്റെ മകനു നീതികിട്ടുംവരെ പ്രതിഷേധിക്കുമെന്ന് നഹേലിന്റെ അമ്മ മൗനിയ പറഞ്ഞു.

നഹേലിനെ വധിച്ച കേസില്‍ അറസ്റ്റിലായ 38 വയസ്സുള്ള പോലീസുകാരനെ, കുറ്റം ചെയ്‌തെന്നു തെളിഞ്ഞാല്‍ പുറത്താക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. മാപ്പര്‍ഹിക്കാത്ത പ്രവൃത്തിയാണ് പോലീസുകാരന്റേതെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചത്. മനഃപൂര്‍വമുള്ള നരഹത്യാക്കുറ്റത്തിനാണ് പോലീസുകാരനെതിരേ അന്വേഷണം നടത്തുക.