നാടകീയ സംഭവങ്ങൾ; ചുരാചന്ദ്പൂർ സന്ദർശിച്ച് രാഹുൽ ഗാന്ധി, സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആഹ്വാനം

ഇംഫാൽ: മണിപ്പൂരിലെ കലാപബാധിത പ്രദേശമായ ചുരാചന്ദ്പൂർ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാടകീയ സംഭവങ്ങൾക്കൊടുവിലാണ് അദ്ദേഹം ചുരാചന്ദ്പൂരിൽ എത്തിയത്. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചുരാചന്ദ്പുർ സന്ദർശിക്കാനെത്തിയ തന്നെ തടഞ്ഞത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ബിഷ്ണുപൂരിൽ വച്ച് മണിപ്പൂർ പോലീസ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞിരുന്നു.

തുടർന്ന് രണ്ടുമണിക്കൂറോളം കാത്തുന്നിന്ന ശേഷം അദ്ദേഹം ഇംഫാലിലേക്ക് മടങ്ങി. പിന്നീട് ഹെലികോപ്ടറിലാണ് രാഹുൽ ഗാന്ധി ചുരാചന്ദ്പൂരിലെത്തിയത്. താൻ മണിപ്പൂരിൽ എത്തിയത് തന്റെ സഹോദരീ സഹോദരൻമാരെ കാണാനാണ്. തന്നെ വളരെ സ്‌നേഹത്തോടെയാണ് എല്ലാ സമുദായങ്ങളിലെയും ആളുകൾ സ്വാഗതം ചെയ്തത്. സർക്കാർ തന്നെ തടഞ്ഞുവെന്നത് വളരെ ദൗർഭാഗ്യകരമാണ്. മണിപ്പൂരിലെ മുറിവ് ഉണങ്ങണമെന്നും സമാധാനത്തിന് മാത്രമായിരിക്കണം മുൻഗണന നൽകേണ്ടതെന്നും സന്ദർശനത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു.

അതേസമയം രാഹുലിന്റെ വാഹന വ്യൂഹം തടഞ്ഞതിൽ വിശദീകരണവുമായി പോലീസ് രംഗത്തെത്തി. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വാഹനവ്യൂഹം തടഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണെന്നും പലയിടത്തും ഇരുവിഭാഗങ്ങളിലെയും ആളുകൾ ആയുധങ്ങളുമായി നിലയുറപ്പിച്ചുണ്ടെന്നും പോലീസ് അറിയിച്ചിരുന്നു.