തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ട് കത്ത് നൽകി മെഡിക്കൽ വിദ്യാർത്ഥി. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാർഥിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ലിനറ്റ് ജെ മോറിസിനാണ് വിദ്യാർഥി കത്ത് നൽകിയിരിക്കുന്നത്.
2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാർഥിനികളുടെ ഒപ്പുകളും ഈ കത്തിലുണ്ട്. വിവിധ ബാച്ചുകളിലെ വിദ്യാർഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് ലഭിച്ചത് ജൂൺ 26നാണ്. ഇതിന് പിന്നാലെ വിഷയം വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തല മറയ്ക്കാൻ തങ്ങളെ അനുവദിക്കാറില്ലെന്നും മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിർബന്ധമാണെന്നും കത്തിൽ പറയുന്നു. ആശുപത്രിയുടെ ഓപ്പറേഷൻ റൂം ചട്ടങ്ങൾ പാലിക്കുന്നതിനോടൊപ്പം ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് അതിന് അനുസരണമുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, ഈ സാഹചര്യത്തിൽ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്ന ആവശ്യമാണ് കത്തിൽ ഉന്നയിക്കുന്നത്.
അതേസമയം, ഇക്കാര്യം ചർച്ച ചെയ്യാമെന്ന് വിദ്യാർഥികളെ അറിയിച്ചുവെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഫുൾ സ്ലീവ് വസ്ത്രം ധരിക്കുമ്പോൾ ഓപ്പറേഷൻ തീയറ്ററിൽ ചെയ്യേണ്ടുന്ന കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാകും. കൈകൾ ഇടക്കിടെ കഴുകേണ്ടതുണ്ട്. രോഗികളെ ശുശ്രൂഷിക്കുമ്പോൾ കൈകൾ വൃത്തിയാക്കി വെക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അണുബാധയടക്കമുള്ള പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ധാരണകളാണ് തങ്ങളും പിന്തുടരുന്നത്. കത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ ആവശ്യം ഒരു കമ്മിറ്റി വിളിച്ച് കൂട്ടി പരിശോധിക്കാനാണ് തീരുമാനമെന്നും ലിനറ്റ് വിശദമാക്കി.

