റഷ്യയ്ക്ക് ആശ്വാസം; വാഗ്നർ സേന നടത്തിയ വിമത നീക്കത്തിൽ നിന്നും പിന്മാറി

മോസ്‌കോ: റഷ്യയെ ആശങ്കയിലാക്കി വാഗ്നർ സേന നടത്തിയ വിമത നീക്കത്തിൽ നിന്നും പിന്മാറ്റം. വിമത നീക്കത്തിൽ നിന്നും വാഗ്നർ സേന താത്ക്കാലികമായി പിന്മാറി. ലറൂസ് പ്രസിഡന്റ് ലൂക്കാഷെങ്കോ നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് പിൻവാങ്ങലെന്നാണ് വിവരം.

വാഗ്നർ സംഘത്തിന് സുരക്ഷ ഉറപ്പാക്കാമെന്ന് ബെലറൂസ് പ്രസിഡന്റ് ഉറപ്പ് നൽകിയിരുന്നു. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ തങ്ങൾ പിന്മാറുകയാണെന്ന് വ്യക്തമാക്കി വാഗ്നർ സംഘത്തലവൻ പ്രഗോഷിൻ ശബ്ദ സന്ദേശം പുറത്ത് വിടുകയും ചെയ്തു.

വാഗ്നർ സേനയുടെ മേധാവി യെവ്‌ജെനി പ്രിഗോസിനുമായി ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലൂകാഷെങ്കോ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് വിമത നീക്കം നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്. റഷ്യയിൽ അട്ടിമറി നീക്കവുമായി മോസ്‌കോ ലക്ഷ്യമാക്കി വാഗ്നർ സേന നീങ്ങിയിരുന്നു. ാജ്യദ്രോഹം ആരോപിച്ച റഷ്യ വിമതർക്കെതിരെ വ്യോമാക്രമണം ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് മോസ്‌കോ നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം അടച്ചിട്ടു.

വാഗ്നർ സേനയ്ക്ക് സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുമുണ്ടെന്ന സംശയം റഷ്യയെ ആശങ്കയിലാക്കിയിരുന്നു. സ്ഥിതിഗതികൾ കണക്കിലെടുത്ത് സുഹൃദ് രാജ്യങ്ങളുടെ തലവൻമാരുമായി ഫോണിൽ സംസാരിച്ച് പുടിൻ സഹായം തേടിയെന്ന വിവരവും പുറത്തു വരുന്നിരുന്നു. അതേസമയം, തുർക്കിയടക്കമുള്ള രാജ്യങ്ങൾ ഇതിനോടകം പുടിന് പിന്തുണ പ്രഖ്യാപിച്ചു.

വാഗ്നർ സേന രണ്ട് റഷ്യൻ സൈനിക കേന്ദ്രങ്ങളും റഷ്യൻ ഗ്രാമങ്ങളും പിടിച്ചെടുത്തുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, പുടിൻ മോസ്‌കോ വിട്ടതായും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്ത പുടിന്റെ ഓഫീസ് നിഷേധിച്ചു.