എറണാകുളം: വ്യാജരേഖ കേസ് പ്രതി കെ വിദ്യയുടെ ഫോൺ പരിശോധിച്ച് അന്വേഷണസംഘം. വ്യാജ സർട്ടിഫിക്കറ്റിന്റെ കോപ്പി വിദ്യയുടെ ഫോണിലുണ്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഇമെയിൽ ഉൾപ്പെടെയുള്ള വിവരങ്ങൾ ഫോണിൽ നിന്ന് നീക്കം ചെയ്ത നിലയിലാണ്. ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ അന്വേഷണസംഘം സൈബർ വിദഗ്ദരുടെ സഹായം തേടി. അട്ടപ്പാടി കോളേജിൽ വിദ്യ നൽകിയ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റാണ് കേസിലെ പ്രധാന തെളിവ്.
ഇതിന്റെ ഒറിജിനൽ അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വ്യാജരേഖയായ സർട്ടിഫിക്കറ്റിന്റെ കോപ്പി വിദ്യയുടെ ഫോണിൽ ഉണ്ടായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്. താൻ വ്യാജരേഖ സമർപ്പിച്ചിട്ടില്ലെന്നും അട്ടപ്പാടി കോളേജിലെ പ്രിൻസിപ്പൽ ഗൂഢാലോചന നടത്തിയതായുമാണ് വിദ്യ പോലീസ് നൽകിയിരിക്കുന്ന മൊഴി. മഹാരാജാസ് കോളേജിലെ അദ്ധ്യാപകരിൽ ചിലരുടെ പ്രേരണയിലാണ് പ്രിൻസിപ്പൽ താൻ വ്യാജരേഖ ഉണ്ടാക്കിയെന്ന ആരോപണം ഉന്നയിച്ചതെന്നാണ് വിദ്യ വ്യക്തമാക്കുന്നത്.
പ്രിൻസിപ്പലിനോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചാൽ തനിക്കെതിരായ ഗൂഢാലോചന പുറത്താവുമെന്നും വിദ്യ പറയുന്നു.

