കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. എല്ലാ ജില്ലകളിലും കരിദിനം പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്.
കെ പി സി സി. അധ്യക്ഷൻ കെ സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്നെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോൺഗ്രസും യു.ഡി.എഫും ശക്തമായി ചെറുക്കും. ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതണ്ട. ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് കേരളത്തിൽ പിണറായി ചെയ്യുന്നത്. ഭയമാണ് ഈ സർക്കാരിനെ നയിക്കുന്നത്. സർക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും ഇനിയും തുറന്ന് കാട്ടുക തന്നെ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കെ.സുധാകരനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കെപിസിസി പ്രസിഡന്റിനെതിരെ കള്ളക്കേസുണ്ടാക്കി വേട്ടയാടുന്ന പിണറായി വിജയന്റെ നടപടി അദ്ദേഹത്തിന്റെ ഭയത്തിൽ നിന്നും ഉണ്ടായതാണെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി നിർദ്ദേശപ്രകാരമാണ് ഈ അറസ്റ്റ് എന്നത് ആർക്കാണ് മനസ്സിലാകാത്തത്. അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതമാണ്. പ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടാൻ നോക്കണ്ട .അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുളള തന്ത്രത്തിന്റെ ഭാഗമാണ് ഈ നാടകങ്ങളൊക്കെ ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായ് അടപ്പിക്കാമെന്ന് കരുതുന്ന പിണറായിയും ഗോവിന്ദൻ മാഷും മൂഢന്മാരുടെ സ്വർഗ്ഗത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനും ഒരു ഭാഗത്ത് പാർട്ടി ക്രിമിനലുകൾ പോലീസിന്റെ മുന്നിലുടെ തലങ്ങും വിലങ്ങും വിലസുമ്പോൾ പോലീസ് കൈയ്യും കെട്ടി നോക്കി നിൽക്കുന്ന പോലീസ് ക്രിമിനലുകളെ ഒളിപ്പിക്കുന്ന ജോലി കൂടി എറ്റെടുത്തിരിക്കുകയാണ്. സുധാകരനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

