പാലക്കാട്: വ്യാജരേഖ കേസിൽ അറസ്റ്റ് ചെയ്ത കെ വിദ്യയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ ഡിവൈഎസ്പി ഓഫീസിലെത്തി മെഡിക്കൽ സംഘം. പരിശോധനയ്ക്കു ശേഷം വിദ്യയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. മഹാരാജാസിന്റെയെന്നല്ല ഒരു കോളജിന്റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലിൽ വിദ്യ വ്യക്തമാക്കിയത്.
ഓരോ കോളജിലും പഠിപ്പിക്കാൻ അവസരം ലഭിച്ചത് അക്കാദമിക് നിലവാരം കണ്ടാണ്. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യ വെളിപ്പെടുത്തി. ആരോപണത്തിന് പിന്നിൽ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവരാണെന്നും കടുത്ത മാനസിക സമ്മർദത്തിലാണ് താനും കുടുംബവുമെന്നും വിദ്യ പോലീസിനോട് പറഞ്ഞു.
പാലക്കാട് അഗളി പൊലീസാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് നിന്നാണ് വിദ്യ പിടിയിലായത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിദ്യ ഒളിവിൽ പോയിരുന്നു 15 ദിവസങ്ങൾക്ക് ശേഷമാണ് വിദ്യയെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞത്.
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിലെ പ്രതിയാണ് വിദ്യ. കരിന്തളം ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് നൽകിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ അധ്യയന വർഷം വിദ്യ കരിന്തളം കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്റെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്.

