ശക്തമായ തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച്; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സുധാകരന്‍

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച്. സുധാകരനെ അറസ്റ്റ് ചെയ്യാന്‍ നിയമോപദേശം തേടിയേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍, ക്രൈം ബ്രാഞ്ച് കേസെടുത്തതിനെതിരെ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുന്നതിനായി സുധാകരന്‍ നിയമോപദേശം തേടിയിട്ടുണ്ട്.

മോന്‍സണ്‍ മാവുങ്കല്‍ തങ്ങളില്‍ നിന്ന് പത്ത് കോടിയോളം രൂപ പല ഘട്ടങ്ങളിലായി തട്ടിയെടുത്തെന്ന് കോഴിക്കോട് മാവൂര്‍ ചെറുവാടി യാക്കൂബ് പുരയില്‍, അനൂപ് വി. അഹമ്മദ്, എം.ടി .ഷമീര്‍, സിദ്ധിഖ് പുരയില്‍, ഇ.എ.സലിം, ഷാനിമോന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് 2021 സെപ്തംബറില്‍ ക്രൈംബ്രാഞ്ച് കേസെടുത്തത്. സുധാകരന്റെ സാന്നിദ്ധ്യത്തില്‍ താന്‍ 25 ലക്ഷം രൂപ മോന്‍സണ് നല്‍കിയെന്ന് അനൂപിന്റെ മൊഴിയുണ്ട്. ഇതില്‍ പത്ത് ലക്ഷം രൂപ സുധാകരന് കൈമാറുന്നത് കണ്ടെന്നാണ് മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജിത്തും ജീവനക്കാരായ ജെയ്സണും ജോഷിയും മൊഴി നല്‍കിയത്. കെ.സുധാകരന്‍ മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ പത്ത് ദിവസം കോസ്മറ്റോളജി ചികിത്സ നടത്തിയതായും പരാതിക്കാര്‍ വ്യക്തമാക്കിയിരുന്നു. പരാതിക്കാര്‍ മുഖ്യമന്ത്രിക്കടക്കം നല്‍കിയ പരാതിയില്‍ കെ. സുധാകരന്റെ പേരുണ്ടായിരുന്നു.

അതേസമയം, കേസില്‍ കെ. സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് എറണാകുളം എ.സി.ജെ.എം കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ചിന്റെ കളമശേരി ഓഫീസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ഐ.പി. സി 420 : സാമ്പത്തിക തട്ടിപ്പ്, ഐ.പി.സി?. 468 : ചതിക്കാനായി വ്യാജരേഖകള്‍ ചമയ്ക്കല്‍, ഐ.പി.സി?. 471 : വ്യാജരേഖ അസല്‍രേഖയായി കാണിച്ച് ചതിക്കല്‍ എന്നിവയാണ് സുധാകരനെതിരെ ചുമത്തിയ വകുപ്പുകള്‍.