വ്യാജരേഖ ചമച്ച കേസ്; മഹാരാജാസ് കോളേജിൽ തെളിവെടുപ്പ് നടത്തി പൊലീസ് സംഘം

കൊച്ചി: മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ വ്യാജരേഖ ചമച്ച കേസിൽ മഹാരാജാസ് കോളേജിൽ തെളിവെടുപ്പ് നടത്തി പൊലീസ് സംഘം. വൈസ് പ്രിൻസിപ്പൽ, മുൻ വൈസ് പ്രിൻസിപ്പൽ ജയ മോൾ, മലയാളം വിഭാഗം അദ്ധ്യാപകൻ മുരളി എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഡി വൈ എസ് പി എൻ മുരളീധരന്റെ നേതൃത്വത്തിലുള്ള അഗളി പൊലീസ് സംഘമാണ് കോളേജിലെത്തിയത്.

കോളേജ് വൈസ് പ്രിൻസിപ്പൽ ബിന്ദു ഷർമിള വിദ്യയുടെ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് വ്യക്തമാക്കിയിരുന്നു. വിദ്യ സമർപ്പിച്ച രേഖയിലെ സെക്ഷൻ നമ്പർ തെറ്റാണ്. അതിലുള്ള എംബ്ലം മഹാരാജാസിൽ നിന്നും ഇഷ്യൂ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമാണ്. കഴിഞ്ഞ പത്ത് വർഷമായി മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലച്ചറെയും നിയമിച്ചിട്ടില്ല. അത്തരത്തിലൊരു എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് കോളേജിൽ നിന്നും ഇഷ്യൂ ചെയ്തിട്ടില്ലെന്നും മറ്റൊരു സ്‌കോളർഷിപ്പിനായി നൽകിയ സർട്ടിഫിക്കറ്റിലെ ഒപ്പും സീലും ഉപയോഗിച്ചാണ് വിദ്യ വ്യാജ രേഖയുണ്ടാക്കിയതെന്നാണ് സംശയിക്കുന്നതെന്നും ഷർമിള അറിയിച്ചു.

അതേസമയം, വിദ്യയെ അറസ്റ്റ് ചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വിദ്യയുടെ രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച്ഓഫാണ്. വിദ്യയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.