പാർട്ടിക്കകത്തുള്ള ആഭ്യന്തര പ്രശ്നം മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിച്ചത് പക്വതയില്ലായ്മ; രൂക്ഷ വിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം: പാർട്ടിക്കകത്തുള്ള ആഭ്യന്തര പ്രശ്നം മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിച്ചത് പക്വതയില്ലായ്മയാണെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. നേതാക്കൾതന്നെ പാർട്ടിയെ നശിപ്പിക്കുന്നുവെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രവർത്തകർ ആശങ്ക പങ്കുവെക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് കണ്ടിട്ട് ഏത് നേതാക്കൾക്കാണ് ഗ്രൂപ്പ് പ്രവർത്തനം പുനഃപരിശോധിക്കണമെന്ന് തോന്നാതിരിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു.

ഇത്രയേറെ കാലം എല്ലാം അനുഭവിച്ച്, എല്ലാ നേട്ടങ്ങളും ഉണ്ടാക്കി, തരംപോലെ ഗ്രൂപ്പ് കളിച്ച നേതാക്കൾ ഇത്തരം പ്രശ്നങ്ങളുമായി മുന്നോട്ടുപോകുമ്പോൾ സഹതപിക്കുക എന്നല്ലാതെ എന്ത് പറയാൻ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്താൻ തയ്യാറാണ്. ഹൈക്കമാൻഡിൽ വിശ്വാസമുള്ളവർക്ക് അവരെ കാണാം. അതിൽ പരാതിയില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ തേടേണ്ടെന്ന് തങ്ങൾ പറഞ്ഞിട്ടില്ല. പക്ഷേ, പാർട്ടിയുടെ ഇന്നത്തെ സാഹചര്യത്തിൽ ഇത്തരമൊരു നീക്കവും നടപടിയും പാർട്ടിയെ സഹായിക്കാൻ വേണ്ടിയുള്ളതല്ലെന്ന് അവരെ ഓർമിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ കോൺഗ്രസിനകത്ത് ഐക്യം നഷ്ടപ്പെട്ടുവെന്ന എംഎം ഹസ്സന്റെ പ്രസ്താവന ബാലിശമാണ്. കോൺഗ്രസിന്റെ ചരിത്രത്തിൽ ഇത്രയും ജനാധിപത്യ രീതിയിൽ ഒരു പുനഃസംഘടന നടത്തിയെന്ന ആത്മവിശ്വാസത്തിലാണ് തങ്ങൾ. ഒറ്റ ലിസ്റ്റായി വന്നിരിക്കുന്നതാണ് ഏറെയും. അത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഒന്നിലേറെ പേരുടെ ലിസ്റ്റ് വന്നതിൽ മെറിറ്റ് അടിസ്ഥാനമാക്കിയാണ് തീരുമാനമെടുത്തിട്ടുള്ളത്. മറ്റൊരു ഗ്രൂപ്പും ഇല്ല. ഈ പറഞ്ഞവരൊക്കെ നേതൃസ്ഥാനത്തിരിക്കുമ്പോൾ സ്ഥിതി എന്തായിരുന്നു. ഒരു മേശക്ക് ചുറ്റുമിരുന്ന് ലിസ്റ്റ് കൊടുക്കലായിരുന്നു. എന്നാൽ, തങ്ങൾ ചെയ്തത് അതല്ല, എല്ലാ വിഭാഗത്തിന്റെയും ആളുകളെ ഉൾപ്പെടുത്തി, ഉപസമിതി ഉണ്ടാക്കി അവരുണ്ടാക്കിയ ലിസ്റ്റ് അംഗീകരിച്ചതാണോ തങ്ങൾ ചെയ്ത തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു.