കോൺഗ്രസ് പാർട്ടി പോസ്റ്റ് വിൽപ്പനയ്ക്ക്; ഡിസിസി പ്രസിഡന്റിനും വി ഡി സതീശനുമെതിരെ പോസ്റ്ററുകൾ

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റിനും പ്രതിപക്ഷനേതാവ് വി ഡി സതീശനുമെതിരെ പോസ്റ്ററുകൾ. തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് പാർട്ടി പോസ്റ്റ് വിൽപ്പനയ്ക്ക് എന്നാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്. കെപിസിസി ഓഫീസിന് മുന്നിൽ ഉൾപ്പെടെ ഈ പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്.

‘വിൽപ്പനയ്ക്ക്… കോൺഗ്രസ് പാർട്ടി പോസ്റ്റ് ഫോർ സെയിൽ.. കോൺടാക്ട് പാലോടൻ ആൻഡ് പറവൂരൻ കമ്പനി’, ‘തലസ്ഥാന ജില്ലയിലെ കോൺഗ്രസ് പാർട്ടിയെ തകർത്ത് തരിപ്പണമാക്കിയ പിരിവ് വീരൻ, നാടക നടൻ പാലോടന്റെയും അഹങ്കാരമൂർത്തി പരവൂർ രാജാവിന്റേയും നടപടിയിൽ പ്രതിഷേധിക്കുക… സേവ് കോൺഗ്രസ് ഫോറം’ തുടങ്ങിയ വാചകങ്ങളും പോസ്റ്ററിൽ കാണാം.

ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളം കോൺഗ്രസിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. പുനഃസംഘടനയിൽ എ, ഐ. ഗ്രൂപ്പുകൾ ഒരുപോലെ അതൃപ്തിയും പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.