ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 469 റണ്‍സിന് ആള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി. രണ്ടാം ദിവസം കളിനിര്‍ത്തുമ്‌ബോള്‍ ഇന്ത്യ 151/5 എന്ന നിലയിലാണ്.രോഹിത് ശര്‍മ്മ(15), ശുഭ്മാന്‍ ഗില്‍(13),ചേതേശ്വര്‍ പുജാര(14), വിരാട് കോഹ്ലി (14),രവീന്ദ്ര ജഡേജ (48) എന്നീ മുന്‍നിരക്കാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.29 റണ്‍സുമായി അജിങ്ക്യ രഹാനെയും അഞ്ചുറണ്‍സുമായി ശ്രീകാര്‍ ഭരതുമാണ് സ്റ്റംപെടുക്കുമ്‌ബോള്‍ ക്രീസില്‍.
രണ്ടാം ദിവസമായ ഇന്നലെ 327/3 എന്ന സ്‌കോറില്‍ രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസീസ് ലഞ്ചിന് ശേഷം ആള്‍ഔട്ടാവുകയായിരുന്നു. ആദ്യ ദിനത്തില്‍ സെഞ്ച്വറി നേടിയിരുന്ന ട്രാവിസ് ഹെഡും 95 റണ്‍സിലെത്തിയിരുന്ന സ്റ്റീവന്‍ സ്മിത്തും പുറത്തായതോടെയാണ് ഓസീസ് ഇന്നിംഗ്‌സിന് കര്‍ട്ടനിടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത്. രാവിലെതന്നെ തന്റെ കരിയറിലെ 31-ാം സെഞ്ച്വറി തികച്ച സ്മിത്ത് ഒരറ്റത്ത് തുടര്‍ന്നപ്പോള്‍ 146 റണ്‍സുമായി ബാറ്റിംഗ് തുടരാനെത്തിയ ഹെഡിനെ വ്യക്തിഗത സ്‌കോര്‍ 163ല്‍ വച്ച് മുഹമ്മദ് സിറാജ് താഴെയിറക്കി. കീപ്പര്‍ ശ്രീകാര്‍ ഭരതിനായിരുന്നു ക്യാച്ച്. 174 പന്തുകളില്‍ 25 ഫോറുകളും ഒരു സിക്‌സുപറത്തിയാണ് ഹെഡ് അതിവേഗം 163ലെത്തിയത്. സ്മിത്തും ഹെഡും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 285 റണ്‍സാണ്. ഈ സഖ്യം തകര്‍ന്നതോടെ ഇന്ത്യന്‍ ബൗളര്‍മാ്ുടെ നിരാശ മാറി. ഹെഡിന് പകരമെത്തിയ കാമറൂണ്‍ ഗ്രീനിനെ (6)അധികനേരം വാഴിക്കാതെ ഷമി ശുഭ്മാന്‍ ഗില്ലിന്റെ കയ്യിലെത്തിച്ചു. തുടര്‍ന്ന് ശാര്‍ദൂല്‍ താക്കൂര്‍ സ്മിത്തിനും മടക്കടിക്കറ്റ് നല്‍കി. 268 പന്തുകളില്‍ 19 ബൗണ്ടറികള്‍ പായിച്ച സ്മിത്തിനെ താക്കൂര്‍ ക്‌ളീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ 376/5 എന്ന സ്‌കോറിലായി ഓസീസ്.
തുടര്‍ന്ന് ഒരറ്റത്ത് അലക്‌സ് കാരേ (48) നടത്തിയ പോരാട്ടമാണ് 450കടക്കാന്‍ കംഗാരുക്കള്‍ക്ക് കരുത്തേകിയത്. 405ല്‍ വച്ച് മിച്ചല്‍ സ്റ്റാര്‍ക്ക് (5)റണ്‍ഔട്ടായെങ്കിലും ക്യാപ്ടന്‍ കമ്മിന്‍സിനെ(9) കൂട്ടുനിറുത്തി കാരേ 453ല്‍ എത്തിച്ച ശേഷമാണ് മടങ്ങിയത്. ഒടുവില്‍ ജഡേജയാണ് കാരേയെ വിക്കറ്റിന് മുന്നില്‍ കുരുക്കിയത്. വൈകാതെ ലിയോണിനെയും (9) കമ്മിന്‍സിനെയും പുറത്താക്കി സിറാജ് ഓസീസ് ഇന്നിംഗ്‌സിന് കര്‍ട്ടനിട്ടു. നാലുവിക്കറ്റ് വീട്ത്തിയ സിറാജ് 28.3 ഓവറില്‍ 108 റണ്‍സാണ് വിട്ടുകൊടുത്തത്. ഷമിയും താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജഡേജയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയെയും (15),ശുഭ്മാന്‍ ഗില്ലിനെയും (13) ഏഴോവറിനുള്ളില്‍ നഷ്ടമായി.ഇന്ത്യന്‍ നായകനെ ഓസീസ് നായകന്‍ കമ്മിന്‍സാണ് എല്‍.ബിയില്‍ കുരുക്കിയത്. അടുത്ത ഓവറില്‍ ബോളാണ്ട് ഗില്ലിനെ ബൗള്‍ഡാക്കി. തുടര്‍ന്ന് വിരാടും ചേതേശ്വര്‍ പുജാരയും ക്രീസില്‍ ഒരുമിച്ചു.എന്നാല്‍ ഇവര്‍ക്കും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. പുജാരയെ കാമറൂണ്‍ ഗ്രീന്‍ ബൗള്‍ഡാക്കിയപ്പോള്‍ കൊഹ്ലിയെ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്മിത്ത് പിടികൂടുകയായിരുന്നു. ഇതോടെ ഇന്ത്യ 71/4 എന്ന നിലിയിലായി. തുടര്‍ന്ന് ക്രീസിലൊരുമിച്ച രഹാനെയും ജഡേജയും ചേര്‍ന്ന് 142ലെത്തിച്ചു.

