യോഗി ആദിത്യനാഥ് സർക്കാരിന് കീഴിലെ എൻകൗണ്ടറുകളിൽ ഇതുവരെ കൊല്ലപ്പെട്ടത് 186 ക്രിമിനലുകൾ; കണക്കുകൾ പുറത്ത്

ലഖ്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന് കീഴിലെ എൻകൗണ്ടറുകളിൽ ഇതുവരെ കൊല്ലപ്പെട്ടത് 186 ക്രിമിനലുകൾ. 2017 മുതലുള്ള ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. അപരാധ മുക്ത് ഉത്തർപ്രദേശ് എന്ന ആപ്തവാക്യത്തിൽ അധികാരമേറ്റ സർക്കാരിന് കീഴിൽ രണ്ടാഴ്ചയ്ക്കിടയിൽ ഒരാളെങ്കിലും പോലീസിൽ നിന്നും വെടിയേറ്റ് മരിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

5,000ത്തിലധികം പേരെ പൊലീസ് കാലിൽ വെടിവെച്ച് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. 41 പേരാണ് 2018 ൽ എൻകൗണ്ടറിലൂടെ കൊല്ലപ്പെട്ടത്. അതേസമയം, ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലിൽ 14 പൊലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായി. 1,443 പൊലിസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. 2017ൽ മുതലുണ്ടായ 186 ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ 96 പേർ കൊലപാതക കേസുകളിലെ പ്രതികളാണ്. കൂട്ടബലാത്സംഗം, പോക്‌സോ തുടങ്ങിയ കേസുകൾ ചുമത്തപ്പെട്ടവരും ഈ പട്ടികയിലുണ്ട്.

186 ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ 161 എണ്ണത്തിൽ മജിസ്‌ട്രേറ്റ് അന്വേഷണം പൂർത്തിയായി. സംസ്ഥാനത്ത് ഓരോ പതിനഞ്ച് ദിവസത്തിനിടയിലും 30 പേർക്കെങ്കിലും പൊലീസിൽ നിന്ന് വെടിയേൽക്കുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.